ലൈഫ് മിഷൻ: ചൂർണിക്കരയിലെ പുറമ്പോക്ക് ഭൂമി കണ്ടെത്തും
1396284
Thursday, February 29, 2024 3:51 AM IST
ആലുവ: ചൂർണിക്കര പഞ്ചായത്തിലെ 600ൽപരം ഭൂരഹിത, ഭവനരഹിത ദരിദ്ര കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഭവന സമുച്ചയങ്ങൾ നിർമിക്കുന്നതിന് അനുയോജ്യമായ പുറമ്പോക്ക് ഭൂമി കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റവന്യു വകുപ്പ് അറിയിച്ചു. ലൈഫ് പദ്ധതി ആക്ഷൻ കൗൺസിൽ കൺവീനർ പി. നാരായണൻകുട്ടി നൽകിയ വിവരാവകാശ രേഖയ്ക്ക് ആലുവ തഹസീൽദാർ (ഭൂരേഖ) അറിയിച്ചതാണിത്.
പഞ്ചായത്തിൽ ഭൂമി സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കമ്പനിപ്പടിയിലുള്ള സ്റ്റാൻഡേർഡ് പോട്ടറീസ് സ്കൂളിന് സമീപം പുറമ്പോക്ക് ഭൂമി അളന്നതായും തഹസിൽദാർ അറിയിച്ചു. പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റാൻഡേർഡ് പോട്ടറീസ് (ദേശായി ഹോംസ്) ബിൽഡർമാരുടെ കൈവശമുള്ള മുഴുവൻ ഭൂമികളിലേയും പുറമ്പോക്ക്/മിച്ചഭൂമി/പുഴ പുറമ്പോക്ക് തുടങ്ങിയവ കണ്ടെത്താനായി സർവേ നടപടികൾ നടത്തുമെന്ന് ആലുവ തഹസീൽദാർ (ഭൂരേഖ) അറിയിച്ചതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
നേരത്തെ ലൈഫിനുവേണ്ടി തായിക്കാട്ടുകരയിലെ എഫ്ഐടി കമ്പനിയിലെ മൂന്ന് ഏക്കർ സർക്കാർ പാട്ടഭൂമി അളപ്പിക്കൽ നടപടികൾക്ക് തുടക്കംകുറിച്ചെങ്കിലും അന്തിമ ഘട്ടത്തിൽ അട്ടിമറിക്കപ്പെട്ടു. ഇതേ അവസ്ഥ കമ്പനിപ്പടിയിലെ സ്ഥലത്തിന്റെ കാര്യത്തിൽ ആവർത്തിക്കപ്പെടരുതെന്നും ചൂർണിക്കര പഞ്ചായത്ത് ഭരണസമിതി ഇടപെടണമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികളായ പി. നാരായണൻകുട്ടി, കെ.വി. സോമരാജൻ എന്നിവർ ആവശ്യപ്പെട്ടു.