കൊച്ചി മെട്രോ, വാട്ടർ മെട്രോ വികസിപ്പിക്കും: മുഖ്യമന്ത്രി
1377050
Saturday, December 9, 2023 2:35 AM IST
കൊച്ചി: ജനസാന്നിധ്യം കൊണ്ട് ശ്രദ്ധനേടി ജില്ലയിലെ നവകേരള സദസിന്റെ രണ്ടാംദിനം. മുഖ്യമന്ത്രിയും മന്ത്രിമാരും വാട്ടര്‍ മെട്രോയിലടക്കം യാത്രചെയ്തായിരുന്നു രണ്ടാംദിനത്തിലെ പരിപാടികളില്‍ പങ്കെടുത്തത്. എറണാകുളം, കൊച്ചി, വൈപ്പിന്‍, കളമശേരി മണ്ഡലങ്ങളില്‍ നടന്ന പൊതുയോഗങ്ങളിൽ നിരവധി പേര് പങ്കെടുത്തു.
സമ്മേളനങ്ങള്‍ക്ക് മൂന്ന് മണിക്കൂര്‍ മുമ്പേ പൊതുജനങ്ങള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസിന്റെ പ്രതിഷേധം രണ്ടാംദിവസവും തുടര്‍ന്നു. വൈപ്പിന്‍, കൊച്ചി എന്നിവിടങ്ങളിലെ നവകേരള സദസില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം അരങ്ങേറിയത്.
കേരളത്തെ പിന്നോട്ടടിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് നവകേരള സദസിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാട് വികസിക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ ജനക്കൂട്ടമാണിത്. കേരളത്തിന്റെ വികസനം തടയുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ജനങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കുകയാണ്.
എന്നാല്‍ നവകേരള സദസിനെതിരെ വലിയ അധിക്ഷേപമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത് നാട് കൃത്യമായി മനസിലാക്കുകയാണ്. ഐക്യമുള്ള നാടിന് ഒന്നും അസാധ്യമല്ല എന്ന് ലോകസമക്ഷം തെളിയിച്ചവരാണ് നാം. തകര്‍ന്നടിയുമെന്ന് ലോകം മുഴുവന്‍ കരുതിയ സമയത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഉയര്‍ത്തെഴുന്നേറ്റവരാണ് നമ്മള്.
നമ്മുടെ തനത് വരുമാനം വര്‍ധിച്ചു. പ്രതിശീര്ഷക വരുമാനത്തില്‍ രാജ്യത്ത് മുന്നിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് ഇന്ന് കേരളമാണെന്നും വിവിധ യോഗങ്ങള്‍ പങ്കെടുത്ത് സംസാരിക്കവെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മറൈൻ ഡ്രൈവിലെ യോഗത്തിൽ അദ്ദേ ഹം പറഞ്ഞു. ഗതാഗത രംഗത്ത് വലിയ മാറ്റങ്ങളാണ് നാട്ടില്‍ സംഭവിക്കുന്നത്.
കൊച്ചി വാട്ടര്‍ മെട്രോയുടെ ഭാഗമായി വലിയ സൗകര്യങ്ങളാണ് ദ്വീപ് നിവാസികള്‍ക്ക് ലഭ്യമാകുന്നത്. കൊച്ചി വാട്ടര്‍ മെട്രോയുടെ കൂടുതല്‍ വികസനത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരമായി നടന്നിരുന്നു.
എന്നാല്‍ കൊച്ചി മെട്രോയുടെ ഓട്ടം അവിടം കൊണ്ട് നിര്‍ത്തുകയില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. തീരദേശ ഹൈവേയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. മലയോര ഹൈവയും അതിവേഗം യാഥാര്‍ഥ്യമാകും. ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കകം ഭാഗികമായി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ ലഭിച്ചത് 14708 നിവേദനങ്ങള്‍
കൊച്ചി: നവ കേരള സദസിന്റെ രണ്ടാംദിനം ലഭിച്ചത് 14708 നിവേദനങ്ങള്‍. കൊച്ചി -3909, കളമശേരി -4425, വൈപ്പിന്‍-4319, എറണാകുളം- 2055 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളില്‍ നിന്ന് ലച്ചിട്ടുള്ള നിവേദനങ്ങളുടെ എണ്ണം. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേകം കൗണ്ടറുകള്‍ തയാറാക്കിയിരുന്നു.
സമ്മേളനത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് മുതല്‍ നിവേദനങ്ങള്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വൈപ്പിനിലേക്ക് മന്ത്രിപ്പട എത്തിയത് വാട്ടര്‍ മെട്രോയില്‍
കൊച്ചി: വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും. നവകേരള സദസിന്റെ വൈപ്പിനിലെ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഹൈക്കോർട്ട് ജംഗ്ഷന് ടെര്‍മിനലില്‍ നിന്നാണ് വൈപ്പിനിലേക്ക് യാത്ര ചെയ്തത്.
കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ആശംസകള്‍...' എന്ന് യാത്രയ്ക്കിടയില്‍ മുഖ്യമന്ത്രി സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. വാട്ടര്‍ മെട്രോയുടെ നീല തൊപ്പിയണിഞ്ഞായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്തത്. ആദ്യയാത്ര മന്ത്രിമാര്‍ സ്വന്തം ഫോണിലും "സെല്‍ഫി'യാക്കി. വാട്ടര്‍ മെട്രോയുടെ മാതൃക കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മന്ത്രിസഭയ്ക്ക് സമ്മാനിച്ചു.
നിലവില്‍ 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്-വൈപ്പിന്‍, ഹൈക്കോര്‍ട്ട് ജംഗ്ഷന്-ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്നു റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വീസാണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അവസാനഘട്ടത്തിലാണ്.
ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, മുളവുകാട് നോര്‍ത്ത്, വെല്ലിംഗ്ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെയും നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.