നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 27നും 28നും മങ്കൊമ്പില്‍
1593227
Saturday, September 20, 2025 7:31 AM IST
ചങ്ങനാശേരി: നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 27, 28 തീയതികളില്‍ മങ്കൊമ്പ് എസ്എന്‍ഡിപി ഹാളിലെ സ്വാമിനാഥന് നഗറില്‍ നടക്കും. സമ്മേളനത്തിന്റെ പ്രചരണാര്‍ഥമുള്ള വാഹനപ്രചാരണ ജാഥ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പര്യടനം നടത്തി ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു. 27ന് ഉച്ചകഴിഞ്ഞ് 2.30ന് ചേരുന്ന സമ്മേളനം മുന്‍ എംഎല്‍എ ഡോ.കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിക്കും.
കായല്ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി. പദ്മകുമാര്‍, മണ്ണാറശാല ക്ഷേത്രം ട്രസ്റ്റി എസ്. നാഗദാസ് എന്നിവര്‍ പ്രസംഗിക്കും. വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, വൈസ് പ്രസിഡന്റുമാരായ സണ്ണി തോമസ്, പി. വേലായുധന്നായര്, ഹരിപ്പാട് വിശ്വനാഥപിള്ള, ഇ.ആര്. രാധാകൃഷ്ണപിള്ള, സന്തോഷ് പറമ്പിശേരി എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കും.
28ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. നെല്‍കര്‍ഷക സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിക്കും.
കുട്ടനാട്ടിലെ മുതിര്‍ന്ന കര്ഷകന് ജോസ് വെങ്ങാനന്തറയെ സമ്മേളനത്തില്‍ ആദരിക്കും.
നെല്‍ക്കര്‍ഷകനും ചലച്ചിത്രനടനുമായ കൃഷ്ണപ്രസാദ് രചിച്ച "ഹൃദയപൂര്‍വം കര്ഷകനടന്’ എന്ന പുസ്തകം പ്രകാശനം ചെയ്യും.
കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ ആന്റോ ആന്റണി, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് കെ. തോമസ് എംഎല്‍എ, പുളിങ്കുന്ന് ഫൊറോന പള്ളി വികാരി റവ.ഡോ. ടോം പുത്തന്‍കളം, എന്കെഎസ്എസ് രക്ഷാധികാരി വി.ജെ. ലാലി, സംസ്ഥാന ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി. മാത്യു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്, എസ്എന്‍ഡിപി കുട്ടനാട് താലൂക്ക് യൂണിയന് കണ്‍വീനര്‍ സന്തോഷ് ശാന്തി, എന്‍എസ്എസ് പ്രതിനിധിസഭാംഗം എസ്. കൃഷ്ണകുമാര്‍, എഐകെകെഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിക്കും.
സംസ്ഥാന സമ്മേളനം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ രണ്ടാം വിശാല കുട്ടനാട് പാക്കേജ് ഉടന്‍ നടപ്പാക്കണം.
നെല്‍വിലയുടെ കേന്ദ്ര, സംസ്ഥാന വിഹിതം കര്ഷകന് പൂര്‍ണമായി നല്‍കണം.
ഉത്പാദനച്ചെലവിനാനുപാതികമായി നെല്‍വില വര്‍ധിപ്പിക്കണം.
നെല്‍വില വായ്പയായി നല്കുന്ന നടപടി അവസാനിപ്പിക്കണം.
കൈകാര്യച്ചെലവ് സര്‍ക്കാര്‍ നല്‍കണം.
കിഴിവ് സമ്പ്രദായം നിര്‍ത്തലാക്കണം.
പമ്പിംഗ് സബ്സിഡി കുടിശിക പൂര്‍ണമായി നല്‍കണം.
വിളനാശ നഷ്ടപരിഹാര ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കണം.
രാസവള വിലവര്‍ധന പിന്‍വലിക്കണം.
മില്ല് ഏജന്റുമാര്‍ക്ക് രജിസ്ട്രേഷനും പിസിസിയും നിര്‍ബന്ധമാക്കണം.
കൊയ്ത്തുമെഷീനുകള്ക്ക് രജിസ്ട്രേഷനും ഫിറ്റ്നസും ഉറപ്പാക്കണം.
നെല്‍കര്‍ഷകന്റെ ആത്മാഭിമാന സംരക്ഷണ പോരാട്ടവേദി
നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ചവിട്ടിതാഴ്ത്തപ്പെട്ട നെല്‍കര്‍ഷകന്റെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കര്‍ഷകന്റെ ശക്തി തെളിയിക്കാനുള്ള വേദി.
സോണിച്ചന്‍ പുളിങ്കുന്ന്
സംസ്ഥാന ജനറല്‍സെക്രട്ടറി,
നെല്‍കര്‍ഷക സംരക്ഷണ സമിതി
അവകാശം സംരക്ഷിക്കാന്‍ നടപടി വേണം
നെല്‍കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കു നല്കാന് നടപടി വേണം.
റജീന അഷറഫ്, സംസ്ഥാന പ്രസിഡന്റ്
നെല്‍കര്‍ഷക സമിതി
അവകാശപോരാട്ടങ്ങള്‍ തുടരും
നെല്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ അവകാശപോരാട്ടങ്ങള്‍ തുടരും. കര്‍ഷകരുടെ ആനൂകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നത് എതിര്‍ക്കും. നെല്‍കൃഷി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നതാണ് സംഘടന ഉന്നയിക്കുന്ന വിഷയം.
വി.ജെ. ലാലി
സംസ്ഥാന രക്ഷാധികാരി,
നെല്‍കര്‍ഷക സമിതി