തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ ഹോം ഗാർഡിനെ നിയോഗിക്കണം
1593223
Saturday, September 20, 2025 7:31 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ബസ് സ്റ്റാൻഡിൽ ബസുകളുടെ സമയക്ലിപ്തത ഉറപ്പിക്കാനും ഹോംഗാർഡിന്റെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി.തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിനു മുന്നിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഗതാഗത നിയന്ത്രണത്തിനും രണ്ടു വർഷം മുമ്പുവരെ ഹോം ഗാർഡിന്റെ സേവനം ലഭ്യമായിരുന്നു.
തലയോലപ്പറമ്പ് സ്റ്റാൻഡിനു പുറമേ തലയോലപ്പറമ്പ് മാർക്കറ്റിലേക്കു വാഹനങ്ങൾ കടക്കുന്ന ഭാഗത്തെ ഗതാഗതം നിയന്ത്രിക്കാനും മുമ്പ് ഹോംഗാർഡുണ്ടായിരുന്നു. വൺ വേ സംവിധാനം നടപ്പാക്കിയ മാർക്കറ്റിനുള്ളിലും സ്കൂൾ ദിനങ്ങളിൽ എ.ജെ. ജോൺ സ്കൂളിനു മുൻവശത്തും മാത്രമാണ് ഇപ്പോൾ ഹോം ഗാർഡിന്റെ സേവനമുള്ളത്.
ഹോം ഗാർഡ് ഇല്ലാതായതോടെ ബസ് സ്റ്റാൻഡിലും സെൻട്രൽ ജംഗ്ഷനിലും ഗതാഗതക്കുരുക്കും കലഹങ്ങളും പതിവായിരിക്കുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഹോം ഗാർഡിനെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.