ലോട്ടറിത്തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിച്ചു: ഐഎന്‍ടിയുസി
1593213
Saturday, September 20, 2025 7:22 AM IST
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി വര്‍ധിപ്പിച്ചപ്പോള്‍ വര്‍ധനയുടെ പേരില്‍ അമിതലാഭം ഉണ്ടാക്കുന്ന സര്‍ക്കാരിന്റെ തൊഴിലാളിവഞ്ചന അനുവദിക്കാവുന്നതല്ലെന്ന് ഐഎന്‍ടിയുസി. സര്‍ക്കാരും ട്രേഡ് യൂണിയന് പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ ഏജന്‍സി കമ്മീഷനും വില്‍പ്പന കമ്മീഷനും സമ്മാനങ്ങളുടെ കുറവും പിന്നെ സര്‍ക്കാര്‍ വിഹിതവും കൂടിയാണ് ഉയര്‍ന്ന ജിഎസ്ടി നിരക്ക് അടയ്ക്കാന്‍ കണ്ടെത്തിയിട്ടുള്ളത്.
ഏജന്‍സി കമ്മീഷന് ഒന്‍പതു ശതമാനം ആക്കി കുറച്ചു. അത് ഏറ്റവും ചുരുങ്ങിയത് 10 ശതമാനം എങ്കിലും ആക്കണം. സര്‍ക്കാര്‍ വിഹിതം 40 പൈസ മാത്രമാണ്. അയ്യായിരത്തിന്റെ സമ്മാനം വെട്ടിക്കുറച്ചത് അനുവദിക്കാന്‍ പറ്റില്ല. ഇതിനെതിരേ ശക്തമായ സമരപരിപാടികള്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ നടത്തുമെന്നും ഓള് കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.
ജിഎസ്ടി വർധന കേരള ഭാഗ്യക്കുറിയെ തകർക്കും: ഫിലിപ് ജോസഫ്
കോട്ടയം: ലോട്ടറി ജിഎസ്്ടി 28 ശതമാനത്തില്‍ നിന്നും 40 ശതമാനമായി ഉയര്‍ത്തിയതു കേരള ഭാഗ്യക്കുറിയെ തകര്‍ക്കുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫ്. കേരള ലോട്ടറി സംരക്ഷണസമിതി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറി ട്രേഡേഴ്സ് യൂണിയന് (എഐടിയുസി) ജില്ലാ സെക്രട്ടറി സിജോ പ്ലാന്തോട്ടം അധ്യക്ഷത വഹിച്ചു. ലോട്ടറി യൂണിയന് (സിഐടിയു) ജില്ലാ സെക്രട്ടറി ടി.എസ്.എല്‍. ഇളയത്, സ്ട്രീറ്റ് വെണ്ടര്‍ ആന്‍ഡ് ലോട്ടറി സെല്ലേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് പി.കെ. ആനന്ദക്കുട്ടന്, കെടിയുസി-എം ജില്ലാ പ്രസിഡന്റ് സന്തോഷ് കല്ലറ,
ലോട്ടറി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് എസ്.ആര്. സുരേഷ്, ടി.എസ്. നിസാര്‍, കെ.ജി. ഗോപാലകുമാര്‍, ചന്ദ്രിക ഉണ്ണികൃഷ്ണന്, ബി. രാമചന്ദ്രന്, സക്കീര്‍ ചങ്ങംപള്ളി, പി.സി. ഫിലിപ്പ്, ബിജു തറപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.