പേട്ടക്കവലയിലെ കുഴി യാത്രക്കാരുടെ നടുവൊടിക്കുന്നു
1592986
Friday, September 19, 2025 11:50 PM IST
കാഞ്ഞിരപ്പള്ളി: ദേശീയപാതയും കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡും സംഗമിക്കുന്ന പേട്ടക്കവലയിൽ രൂപപ്പെട്ട കുഴി വാഹനയാത്രക്കാർക്കു ദുരിതമാകുന്നു. ഇരുചക്രവാഹന യാത്രികരാണ് ഏറെയും ബുദ്ധിമുട്ടുന്നത്.
ടൗണിലെ ഗതാഗതക്കുരുക്ക് കൂടിയാകുമ്പോള്‍ വാഹനങ്ങള്‍ കുഴിയില്‍ ചാടി കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. മുന്‍പ് താത്കാലികമായി അടച്ചെങ്കിലും വീണ്ടും തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. വാഹനങ്ങള്‍ കുഴിയില്‍ ചാടി അടി തട്ടുന്നതും പതിവാണ്.
ദിവസേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ ഭാഗത്ത് കുഴിയിലൂടെ വാഹനങ്ങള്‍ ഇറങ്ങിക്കയറേണ്ട സാഹചര്യമുള്ളതിനാല്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. മുണ്ടക്കയം ഭാഗത്തേക്കും ദേശീയപാതയിൽനിന്ന് ഈരാറ്റുപേട്ട റോഡിലേക്കും പോകുന്ന വാഹനങ്ങൾ ഈ കുഴിയില്‍ ചാടിവേണം പോകാന്‍. യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കുഴി അടയ്ക്കാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.