അമ്പത് സ്നേഹവീടുകള്‍ പൂര്‍ത്തീകരിച്ച് സ്നേഹദീപം ഭവനപദ്ധതി
1573242
Sunday, July 6, 2025 3:01 AM IST
പാലാ: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവനപദ്ധതി അമ്പത് സ്നേഹവീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു.
2022ല്‍ തുടക്കംകുറിച്ചതാണ് സ്നേഹദീപം ഭവനപദ്ധതി. കെഴുവംകുളം സ്വദേശി നല്കിയ രണ്ടു ലക്ഷം രൂപയും ജോസ്മോന് മുണ്ടയ്ക്കലിന്റെ ജില്ലാ പഞ്ചായത്ത് മെംബര്‍ എന്ന നിലയ്ക്കുള്ള ഓണറേറിയവും പ്രതിമാസം ആയിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് നൽകാന് സന്മനസ് കാണിച്ച കൊഴുവനാല്‍ പഞ്ചായത്തിലെ 250 സുമനസുകളുടെ സഹകരണത്തോടെയും തുടക്കംകുറിച്ച പദ്ധതി പിന്നീട് മുത്തോലി, കിടങ്ങൂര്‍, അകലക്കുന്നം, എലിക്കുളം, മീനച്ചില്‍, കരൂര്‍ പഞ്ചായത്തുകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. 1250 സുമനസുകള്‍ നാളിതു വരെ കണ്ണികളായി.
സ്നേഹദീപം പദ്ധതിയില്‍ നിര്‍മിച്ച 50 വീടുകള്‍ക്ക് പുറമേ സ്നേഹദീപം മോഡലിലുള്ള 10 വീടുകള്‍ വിവിധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ പണം ഉപയോഗിച്ച് ചെലവുകുറഞ്ഞ രീതിയിലുള്ള വീടുകള്‍ സ്നേഹദീപത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മിച്ച് നല്‍കുന്നതിനും സാധിച്ചു. മൂന്നു കിടപ്പുമുറി, അടുക്കള, ഹാള്‍, രണ്ടു ശുചിമുറി എന്നിവയോടുകൂടിയ 550 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.
സ്നേഹദീപം പദ്ധതിപ്രകാരമുള്ള 48-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം നാളെ ഉച്ചകഴിഞ്ഞ് 3.30ന് കരൂര്‍ പഞ്ചായത്തിലെ ഇടനാട് എന്‍എസ്എസ് സ്കൂളിന് സമീപം സന്തോഷ് ജോര്‍ജ് കുളങ്ങര നിര്‍വഹിക്കും. 49-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം എട്ടിനു രാവിലെ 9.30ന് മീനച്ചിലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറും 50-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം എട്ടിന് വൈകുന്നേരം നാലിന് പൂവരണിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും നിര്‍വഹിക്കും.
50 വീടുകള്‍ നിര്‍മിച്ചതിലെ 26 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള തുക 20 വ്യക്തികളില്‍നിന്നു ലഭ്യമായതാണ്. ബാക്കി 24 വീടുകള്‍ ആറു പഞ്ചായത്തുകളിലെ സ്നേഹദീപം കൂട്ടായ്മയില്‍ പ്രതിമാസം മിനിമം 1000 രൂപ എന്ന നിലയ്ക്ക് നിക്ഷേപിച്ച സുമനസുകളുടെ സംഭാവനകള്‍ കൊണ്ടും നിര്‍മിച്ചതാണ്.