ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം: എന്‍ഒസി ഇല്ലെന്ന് സമ്മതിച്ച് വിവിധ വകുപ്പുകള്‍
1573244
Sunday, July 6, 2025 3:01 AM IST
പാലാ: കെ.എം. മാണി മെമ്മോറിയല്‍ പാലാ ജനറല്‍ ആശുപത്രിയിലെ മൂന്നു പുതിയ കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാസേനയുടെ നിരാക്ഷേപ പത്രം (നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) ഇല്ലെന്ന് ഇന്നലെ നടന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ സമ്മതിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗങ്ങളും അഗ്നി രക്ഷാസേനയും.
ജനറല്‍ ആശുപത്രിയില്‍ ഒരു മാസം മുന്‍പ് നടത്തിയ പരിശോധനയില്‍ ഒട്ടേറെ അപാകതകള്‍ കണ്ടെത്തിയിരുന്നു. ഇവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി വകുപ്പുതല ഉദ്യോഗന്ഥര് അറിയിച്ചു.
കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തില്‍ അംഗം പീറ്റര്‍ പന്തലാനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടിത്തമുണ്ടായ പശ്ചാത്തലത്തില്‍ ജനറല്‍ ആശുപത്രി കെട്ടിട നിര്‍മാണത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെടുത്തി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധിച്ചത്. ഏഴു വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ച മൂന്നു കെട്ടിടങ്ങള്‍ക്ക് എന്‍ഒസി ഇല്ലാത്തതിനാല്‍ ഇവിടെ ഏതെങ്കിലും വിധത്തില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ വ്യക്തികള്‍ക്ക് ഇന്‍ഷ്വറന്‍സ് തുക പോലും ലഭിക്കില്ലെന്നു പറയുന്നു.
ആശുപത്രി കെട്ടിടങ്ങള്‍ക്ക് ഫയര്‍ എന്‍ഒസി നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച മാണി സി. കാപ്പന് എംഎൽഎ നിര്‍ദേശം നല്കി. ആശുപത്രി സ്ഥലത്തിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് ബജറ്റില്‍ അനുവദിച്ച ഒന്നരക്കോടി രൂപയും നവകേരള സദസിലൂടെ അനുവദിച്ച 3.5 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. ആശുപത്രി സ്ഥലം അതിരുകെട്ടി സംരക്ഷിക്കുന്നതിനായി അതിരുകള്‍ നിര്‍ണയിച്ചു നല്‍കാനും കൈയേറ്റം കണ്ടെത്തിയാല്‍ ഒഴിപ്പിക്കാനും തഹസില്‍ദാരെ ചുമതലപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ സജേഷ് ശശി, സോജന് തൊടുക, ഇ.എം. ബിനു, തഹസില്‍ദാര്‍ ലിറ്റി ജോസഫ്, എ.കെ. ചന്ദ്രമോഹന്, ജോസുകുട്ടി പൂവേലില്‍, ജോര്‍ജ് പുളിങ്കാട്, പീറ്റര്‍ പന്തലാനി, തോമസ് ഉഴുന്നാലില്‍, ഡോ. തോമസ് കാപ്പന്, അഡ്വ. ആന്റണി ഞാവള്ളി, സണ്ണി മാത്യു, പി.എസ്. ബാബു, ബിജി മണ്ഡപം, സതീഷ് ബാബു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.