കേറ്ററിംഗ് മേഖലയിലെ പ്രതിസന്ധി; പ്രചാരണ വാഹനജാഥ നടത്തി
1573546
Sunday, July 6, 2025 10:42 PM IST
കാഞ്ഞിരപ്പള്ളി: കേറ്ററിംഗ് മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാവശ്യപ്പെട്ട് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രചാരണ വാഹനജാഥ സംഘടിപ്പിച്ചു. ജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. നാളെ സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു എകെസിഎ ജില്ലാ പ്രസിഡന്റ് സജി ജേക്കബ് ക്യാപ്റ്റനായുള്ള ജാഥ കോട്ടയം ജില്ലയിൽ പര്യടനം നടത്തിയത്.
കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നിന്നാരംഭിച്ച ജാഥ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും എകെസിഎ ജില്ലാ പ്രസിഡന്റുമായ സജി ജേക്കബ് ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. എകെസിഎ ജില്ലാ സെക്രട്ടറി ബിജു തോമസ് പ്രസംഗിച്ചു. വിവിധയിടങ്ങളിലെ സ്വീകരണ യോഗങ്ങൾ കെപിസിസി സെക്രട്ടറി പി.എസ്. രഘുറാം, യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂസ്, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്തു. പാലായിൽ ജാഥ സമാപിച്ചു. സമാപന സമ്മേളനം മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ ഉത്പന്നങ്ങളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും എൽപിജി സിലിണ്ടറിന്റെയും അമിതമായ വിലക്കയറ്റം കേറ്ററിംഗ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനൊപ്പം അനധികൃത കേറ്ററിംഗ് സ്ഥാപനങ്ങളുടെ കടന്നുവരവിനെതിരേ കൂടി നടപടിയാവശ്യപ്പെട്ടാണ് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ നാളെ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്.