പൂര്‍വികര്‍ പിന്നിട്ട ചരിത്രവഴികള്‍ സത്യസന്ധമായി കണ്ടെത്തണം: പി.എസ്. ശ്രീധരന്‍പിള്ള
1573491
Sunday, July 6, 2025 7:17 AM IST
കടുത്തുരുത്തി: പൂര്‍വീകര്‍ പിന്നിട്ട ചരിത്രവഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ചരിത്രത്തിന്റെ വിട്ടുപോയ ഭാഗങ്ങളും സത്യസന്ധമായി കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കടുത്തുരുത്തി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന വടക്കുംകൂര്‍ ഹിസ്റ്ററി പ്രമോഷന് സൊസൈറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടന്ന വടക്കുംകൂര്‍ രാജ്യവും കടുത്തുരുത്തിയും എന്ന വിഷയത്തിൽ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ചരിത്രത്തിന്റെ തനിമയെ നിലനിര്‍ത്താന്‍ വര്‍ത്തമാനകാലത്തിലെ തലമുറയാണ് ശ്രദ്ധിക്കേണ്ടതെന്നും ഇന്ത്യയുടെതന്നെ ശ്രദ്ധിക്കപ്പെടാതെപോയ ചരിത്രം കണ്ടെത്താനും വടക്കൂംകൂറിന്റെ ചരിത്രം പഠിച്ചിറങ്ങുമ്പോള്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുംകൂറിന്റെ ചരിത്രവും കടുത്തുരുത്തിയുമായുള്ള പൗരാണിക ബന്ധങ്ങളും വ്യക്തമാക്കാന്‍ കഴിയുന്ന വിധത്തില്‍ തയാറാക്കിയ ചരിത്രഗ്രന്ഥത്തിന്റെ പ്രീ പബ്ലിക്കേഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് നല്കി പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിച്ചു.
ചരിത്രം പഠിക്കുമ്പോള്‍ വേരുകളിലേക്ക് പോകണമെന്നും വേരുകളാണ് ഭാവി കണിച്ചു തരുന്നതെന്നും വടക്കൂംകൂര്‍ രാജാക്കന്മാരുടെ ആത്മീയത എടുത്ത് പറയേണ്ടതാണെന്നും ഇക്കാര്യങ്ങള്‍ മനസിലാക്കാനായാല് ഇന്ന് രാജ്യം നേരിടുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും സമ്മേളനത്തില്‍ അനുഗ്രപ്രഭാഷണം നടത്തിയ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
കടുത്തുരുത്തി താഴത്തുപള്ളിയുടെ സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് സിറിയക് ജോസഫ്, മുന്‍ ഡിജിപി ഡോ.അലക്സാണ്ടര്‍ പി.ജേക്കബ്, ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.ജോണ്സണ് നീലനിരപ്പേല്‍, വടക്കുംകൂര്‍ രാജവംശ കുടുംബാംഗംങ്ങളായ കെ.എസ്. സോമവര്മരാജ, ഗോദവര്‍മരാജ, രാധാകൃഷ്ണപ്പണിക്കര്‍ ചന്ദ്രത്തില് എന്നിവര്‍ പ്രസംഗിച്ചു.
സെമിനാറിന് മുന്നോടിയായി നടന്ന ശില്പശാല ആര്‍ച്ച്ബിഷപ് മാര്‍. മാത്യൂ മൂലക്കാട് ഉദ്ഘാടനം ചെയ്തു. മുന്‍ ഡിജിപി ഡോ.അലക്സാണ്ടര്‍ പി.ജേക്കബ് വടക്കുംകൂര്‍ വിഷയാവതരണം നടത്തി.