കടുത്തുരുത്തി വലിയതോട്ടില്‍ മാലിന്യക്കൂമ്പാരം
1573492
Sunday, July 6, 2025 7:17 AM IST
കടുത്തുരുത്തി: വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ മാലിന്യക്കൂമ്പാരം വലിയതോട്ടില്‍ കെട്ടികിടക്കുന്നു. കുപ്പികളും പ്ലാസ്റ്റിക്കും അടങ്ങിയ ചാക്കുകെട്ട് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് പലയിടത്തായി കെട്ടിനില്‍ക്കുന്നത്. തോട്ടില്‍ മാലിന്യങ്ങള്‍ കെട്ടിനില്‍ക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും അതിനാൽ മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കടുത്തുരുത്തി വലിയതോട്ടില്‍ ബൈപാസിന്റെ പാലത്തിനു സമീപത്ത് മരം വീണുകിടക്കുന്ന ഭാഗത്ത് ഉള്‍പ്പെടെയാണ് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്. മരം തോട്ടിലേക്കു വീണതുകൊണ്ടാണ് തോട്ടിലൂടെ ഒഴുക്കിവിടുന്ന മാലിന്യങ്ങളുടെ വ്യാപ്തി ഇത്രയേറേയുണ്ടെന്ന് മനസിലാക്കാനായതെന്ന് നാട്ടുകാര്‍ പറയുന്നു.
നാട്ടുകാർ കുളിക്കുന്നതിനും അലക്കുന്നതിനുമുപയോഗിക്കുന്ന തോട്ടിലാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത്. വലിയതോട്ടിലും ചുള്ളിത്തോട്ടിലും ഉള്‍പ്പെടെ ഇത്തരത്തില്‍ മാലിന്യം ഒഴുക്കി വിടുന്നത് പലയിടത്തായി കെട്ടിക്കിടക്കുന്നുണ്ട്. ജലസ്രോതസുകളായ തോടുകളിലും പുഴകളിലുമെല്ലാം സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളുന്നതാണ് ഒഴുക്ക് ശക്തമാകുമ്പോള്‍ താഴേക്ക് ഒഴുകിയെത്തുന്നത്.
തോടുകളിലും മറ്റും പ്ലാസ്റ്റിക്ക് കുപ്പികളടക്കമുള്ള മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. തോടുകളിലും റോഡു വശങ്ങളിലുമെല്ലാം സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുകയാണ്. ജലാശയങ്ങളില്‍ മാലിന്യം നിറയുന്നത് ഗുരുതരമായ ഭവിഷത്താണ് ക്ഷണിച്ചുവരുത്തുന്നത്.
പലയിടത്തും മാലിന്യം മലപോലെ പെരുകുകയാണ്. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടികളുമില്ലെന്നു നാട്ടുകാര്‍ പറയുന്നു.
തോടുകളിലും റോഡുവക്കിലും മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനങ്ങളിലെത്തിച്ചു തള്ളുകയാണ്. ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.