കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം അട്ടിമറിക്കുന്നു; ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്
1573252
Sunday, July 6, 2025 3:04 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസിന്റെ നിർമാണം പാതിവഴിയിൽ നിലച്ചതിന് പിന്നിൽ സർക്കാരിന്റെ അനാസ്ഥയാണെന്ന് ഐഎൻടിയുസി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കുന്നതിന് കരാർ കമ്പനിക്കെതിരേ കാഞ്ഞിരപ്പള്ളി എംഎൽഎ ഉൾപ്പെടെയുള്ളവർ ആരോപണങ്ങൾ ഉന്നയിക്കുന്നത് അപഹാസ്യവും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനും വേണ്ടിയാണ്.
ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്ന കരാർ കമ്പനിയുടെ പരാതികൾ വസ്തുതാപരമായി പരിശോധിക്കുന്നതിനു പകരം കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന അധികാരികളുടെ പ്രസ്താവന ബൈപാസ് നിർമാണം അട്ടിമറിക്കാൻ വേണ്ടിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പല തവണ ടെൻഡറും റീ ടെൻഡറും ചെയ്തതിനുശേഷമാണ് ഗുജറാത്തിലെ ബാക്ബോൺ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കരാർ ഏറ്റെടുത്തത്. ബൈപാസിനു വേണ്ടി അനുവദിച്ച തുക അപര്യാപ്തമായതിനാലാണ് മുന്പ് നിർമാണ കമ്പനികൾ ടെൻഡർ നടപടികളിൽനിന്നു വിട്ടുനിന്നത്.
നിലവിൽ കരാറെടുത്തിരിക്കുന്ന കമ്പനിയെ ഒഴിവാക്കി പദ്ധതി റീടെൻഡർ ചെയ്ത് മറ്റ് കമ്പനിക്ക് കരാർ നൽകാനുള്ള തീരുമാനം ബൈപാസ് പദ്ധതിയെത്തന്നെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണം ഈ വർഷം മാർച്ച് മാസത്തിൽ പൂർത്തീകരിക്കാനാണു തീരുമാനിച്ചതെങ്കിലും അതിന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കാനും ഐഎൻടിയുസി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി യോഗം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കൽ അധ്യക്ഷത വഹിച്ചു. റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അജ്മൽ പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കരാർ കമ്പനിക്കെതിരേ നടപടി വേണമെന്ന്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിൽ ഗുരുതരവീഴ്ച വരുത്തിയ കരാർ കമ്പനിക്കെതിരേ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. റീ ടെൻഡർ നടപടികൾ വേഗത്തിലാക്കി മുൻ നിശ്ചയപ്രകാരം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ കരാർകമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. എം.എ. ഷാജി, സിജോ പ്ലാത്തോട്ടം, ജെയ്മോൻ ജോസ്, സലിം അമരീസ് എന്നിവർ പ്രസംഗിച്ചു.