ആശുപത്രി വികസനസമിതി നോക്കുകുത്തി; മെഡി. കോളജിൽ കാര്യങ്ങൾ തോന്നുംപടി
1573260
Sunday, July 6, 2025 3:05 AM IST
ആർപ്പൂക്കര: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതിയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണമെന്ന് ആക്ഷേപം. ആശുപത്രി വികസന സമിതിയുടെ യോഗം കൂടുന്നേയില്ല. വികസന സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മാത്രമാണ് കൂടാറുള്ളത്.
സ്ഥലം എംഎൽഎയായ മന്ത്രി വി.എൻ. വാസവൻ, വികസന സമിതി ചെയർമാനായ ജില്ലാ കളക്ടർ, ആശുപത്രി സൂപ്രണ്ട്, ആർഎംഒ തുടങ്ങിയവർക്കൊപ്പം മന്ത്രിയുടെ പ്രതിനിധി എന്ന പേരിൽ നാമനിർദേശം ചെയ്യപ്പെട്ട ഒരു സിപിഎം നേതാവും അനധികൃതമായി പങ്കെടുക്കാറുണ്ടെന്ന് വികസന സമിതി അംഗങ്ങൾ പറയുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം പുനഃസംഘടിപ്പിച്ച വികസന സമിതിയുടെ യോഗം കഴിഞ്ഞ നാലു വർഷത്തിനിടയിൽ ചേർന്നത് രണ്ടു തവണ മാത്രമാണ്. ആശുപത്രി വികസന സമിതിയുടെ നിയമാവലി പ്രകാരം മൂന്നു മാസം കൂടുമ്പോൾ യോഗം കൂടേണ്ടതാണെന്ന് വികസന സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ വികസന സമിതിയിൽ അംഗങ്ങളാണ്. സമിതി യോഗം വിളിച്ചുകൂട്ടാത്തതിൽ സിപിഎം ഒഴികെയുള്ള എല്ലാ ഭരണ, പ്രതിപക്ഷ കക്ഷികളുടെയും പ്രതിനിധികൾ അമർഷത്തിലാണ്.
മുമ്പ് കൃത്യമായി വികസന സമിതി യോഗം കൂടുകയും ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുകയും ചെയ്യുമായിരുന്നെന്ന് മുമ്പ് വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന സാബു മാത്യു പറഞ്ഞു. എച്ച്ഒഡിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ആശുപത്രിയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നാൽ സമിതി അംഗങ്ങളും ആശുപത്രി അധികൃതരും സംയുക്തമായി സന്ദർശനം നടത്തി പരിഹാരം കണ്ടിരുന്നു. ആ സംവിധാനം നിലനിന്നിരുന്നുവെങ്കിൽ ഇപ്പോൾ ഉണ്ടായ ദുരന്തം ഒഴിവാകുമായിരുന്നെന്ന് എൽഡിഎഫ് ഘടകകക്ഷി പ്രതിനിധിയായ ഒരു അംഗം പറഞ്ഞു.
ആശുപത്രി വികസന സമിതി വഴിയുള്ള നിയമനങ്ങൾ, വേതന വർധന, പാർക്കിംഗ് ഫീസ് തുടങ്ങിയവയെല്ലാം മുമ്പ് വികസന സമിതിയിൽ ചർച്ച ചെയ്താണ് തീരുമാനിച്ചിരുന്നതെങ്കിൽ ഇപ്പോൾ എല്ലാം ഏകപക്ഷീയമായ തീരുമാനമാണ്. ഒന്നും സുതാര്യമല്ലെന്ന ആക്ഷേപവും ഉയരുന്നു. ജനകീയ താത്പര്യങ്ങൾ പാടേ അവഗണിക്കപ്പെടുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.