പാലാ റിംഗ് റോഡ് രണ്ടാംഘട്ടം നടപടികള്‍ അന്തിമ ഘട്ടത്തില്‍
1573547
Sunday, July 6, 2025 10:42 PM IST
പാലാ: പാലാ-പൊന്‍കുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാംമൈല് ഭാഗത്തു നിന്ന് ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂള്‍ ജംഗ്ഷന് വഴി പൂഞ്ഞാര്‍ റോഡിലെ ചെത്തിമറ്റത്ത് എത്തിച്ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന പാലാ റിംഗ് റോഡിന്റെ രണ്ടാംഘട്ട നിര്‍മാണത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റിംഗ് റോഡിന്റെ അവസാനഘട്ട നടപടിയില്പ്പെട്ട ഫീല്‍ഡ് പ്രോജക്ട് വിലയിരുത്തല്‍ കിഫ്ബിയില്‍നിന്നുള്ള സീനിയര്‍ ട്രാന്സ്പോര്ട്ടേഷന് എന്‍ജിനിയറുടെയും ഡെപ്യൂട്ടി പ്രോജക്ട് മാനേജരുടെയും നേതൃത്വത്തിലുള്ള സംഘവും കിഫ്ബിയുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റായ കേരള റോഡ് ഫണ്ട് ബോര്‍ഡ് എന്‍ജിനിയര്‍മാരും ചേര്‍ന്ന് കഴിഞ്ഞ ദിവസം നടത്തി. ഏറ്റെടുക്കേണ്ട സ്ഥലങ്ങളും നടപ്പാക്കേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളും സംഘം സമഗ്രമായി പരിശോധിച്ചു. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഹൈവേ ഡിസൈന്‍ വിംഗ് തയാറാക്കി കഴിഞ്ഞ മാസം കിഫ്ബിയില്‍ സമര്‍പ്പിച്ചിരുന്നു.
കളരിയാമ്മാക്കല് പാലം വരെയുള്ള 2.115 കിലോമീറ്ററില്‍ 1.940 കിലോമീറ്റര്‍ വരെ കിഫ്ബിയുടെ 52 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം നടത്തും. ആവശ്യമായ ഭൂമി ഏറ്റെടുക്കാനും വൈദ്യുതി, ജല, വാര്‍ത്താവിനിമയ വകുപ്പുകളുടെ തൂണുകള്‍, കേബിളുകള്‍, പൈപ്പ് ലൈനുകള്‍ എന്നിവ മാറ്റിയിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്ന കളരിയാമ്മാക്കല് പാലം വരെയുള്ള ഭാഗം പൊതുമരാമത്ത് നിരത്തു വിഭാഗം 13 കോടി മുതല്‍മുടക്കില്‍ ഭൂമി ഏറ്റെടുത്ത് നിര്‍മിക്കും.
നിലവിലുള്ള റോഡിലൂടെ വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ പുതിയ പാത കടന്നുപോകുന്നുള്ളൂ. കൂടുതലും ഭാഗങ്ങളില്‍ പുതിയ റോഡാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദിഷ്ട റോഡിന്റെ ആകെയുള്ള വീതി 12 മീറ്ററും അതില്‍ ഏഴ് മീറ്റര്‍ കാരിയേജ് വേയും ഒരു മീറ്റര്‍ പേവിംഗ് ഷോള്‍ഡറും 1.50 മീറ്റര്‍ ഫുട്പാത്ത് കം ഡ്രെയിനേജുമായാണ് റോഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുവശത്തും മൂടിയ ഡ്രെയിനേജുകളാണ് നല്‍കിയിരിക്കുന്നത്. രണ്ടു മേൽപ്പാലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്ത കിഫ്ബി ബോര്‍ഡ് യോഗത്തില്‍ അന്തിമ അനുമതി ലഭ്യമാക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാൽ, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എം. ഏബ്രഹാം എന്നിവരുമായി കഴിഞ്ഞ ദിവസം ജോസ് കെ. മാണി എംപി ചര്‍ച്ച നടത്തിയിരുന്നു. ഭൂവുടമകള്‍ സ്ഥലം വിട്ടു നല്കാന് മുന്‍കൂര്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നും വൈകിപ്പോയ ഭൂമിഏറ്റെടുക്കലിനുകൂടി ഇത് പരിഹാരമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.