അറ്റകുറ്റപ്പണി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് 15 വരെ അടച്ചിടും
1573254
Sunday, July 6, 2025 3:04 AM IST
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണാൻ ഒടുവിൽ ദേശീയപാതാ അധികൃതർ രംഗത്ത്. മാലിന്യം നിറഞ്ഞ ഓടകൾ വൃത്തിയാക്കുന്ന ജോലികളും തകർന്ന സ്ലാബുകൾ പുനഃസ്ഥാപിക്കുന്ന ജോലികളുമാണ് നടത്തുന്നത്.
ദേശീയപാതയിൽനിന്നു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നതും ഇറങ്ങുന്നതുമായ റോഡിലെ കോൺക്രീറ്റിംഗും ഓടയ്ക്കു മീതെയുള്ള സ്ലാബുകളും തകർന്നു ബസുകൾക്കു കേടുപാടുകൾ പതിവായതോടെ പ്രതിഷേധം ശക്തമായിരുന്നു.
വെള്ളിയാഴ്ച രാത്രിമുതൽ ബസ് സ്റ്റാൻഡ് അടച്ചിട്ടാണ് ഓട വൃത്തിയാക്കുന്നത്. കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നതിനാൽ 15 വരെ ബസ് സ്റ്റാൻഡ് അടച്ചിടും. നാളുകളായി അടഞ്ഞുകിടന്ന ഓടയുടെ മീതെയുള്ള സ്ലാബുകൾ മാറ്റിയപ്പോൾ മണ്ണും മാലിന്യങ്ങളും നിറഞ്ഞു പൂർണമായും അടഞ്ഞ നിലയിലായിരുന്നു. തുടർന്നു ജെസിബി ഉപയോഗിച്ചാണ് ഓടയിലെ മാലിന്യങ്ങൾ നീക്കുന്നത്.
ബസ് സ്റ്റാൻഡിൽനിന്നു ബസുകൾ ഇറങ്ങുന്ന ഭാഗത്തെ ഓട വൃത്തിയാക്കുന്ന ജോലികളാണ് വെള്ളിയാഴ്ച രാത്രി ആരംഭിച്ചത്. ഇന്നലെ രാത്രി ബസ് കയറുന്ന ഭാഗത്തെ ജോലികളും ആരംഭിച്ചു. കൂടാതെ ബസ് സ്റ്റാൻഡ് റോഡുകൾ ദേശീയപാതയിൽ ചേരുന്ന ഭാഗങ്ങളും നവീകരിക്കും. ഹ്രസ്വകാല പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തിയാണ് നവീകരണം നടത്തുന്നതെന്ന് ദേശീയപാതാ വിഭാഗം അധികൃതർ അറിയിച്ചു.
ടൗണിലെ തിരക്കു പരിഗണിച്ച് രാത്രി സമയത്താണ് അറ്റകുറ്റപ്പണികൾ നടക്കുകയെന്നും ജോലികൾ എത്രയും പെട്ടെന്നു പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായും ചീഫ് വിപ്പ് ഡോ. എൻ. ജയരാജും അറിയിച്ചു.
ബസ് സ്റ്റാൻഡ് റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചു പറയുന്പോൾ പഞ്ചായത്തും ദേശീയപാതാ വിഭാഗവും പരസ്പരം കൈയൊഴിയുകയാണെന്നതു സംബന്ധിച്ച് ദീപിക കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അനുവാദം നൽകിയാൽ പണം മുടക്കി കോൺക്രീറ്റ് ചെയ്തു നവീകരിക്കാൻ തയാറാണെന്നു ബസുടമകളും അറിയിച്ചിരുന്നു. ഇതിനൊടുവിലാണ് ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.