പിറവം റോഡ് റെയിൽവേ അടിപ്പാത വെള്ളത്തിൽ
1602237
Thursday, October 23, 2025 7:32 AM IST
വെള്ളൂർ: പിറവം റോഡ് റയിൽവേ സ്റ്റേഷനു സമീപത്തെ റയിൽവേ മേൽപ്പാലത്തിന്റെ വാഹനഗതാഗതത്തിനും കാൽനടക്കാർക്കുമായി നിർമിച്ച അടിപ്പാത വെള്ളത്തിൽ മുങ്ങി ഗതാഗതം ദുഷ്കരമായി.
വെള്ളൂർ - കല്ലുവേലിൽ റെയിൽവേ ഗേറ്റ് മാറ്റി പകരം റെയിൽവേ മേൽപ്പാതയ്ക്കു കീഴിലൂടെ വാഹന ഗതാഗതത്തിനായി നിർമിച്ച അടിപ്പാതയിൽ മഴവെള്ളവും ചെളിയും നിറഞ്ഞതാണ് വാഹന ഗതാഗതം ദുഷ്കരമാക്കുന്നത്.
കഴിഞ്ഞദിവസം ഇതുവഴി ബൈക്കിലെത്തിയ അവർമ സ്വദേശിയായ യുവാവ് ബൈക്ക് മറിഞ്ഞു വീണ് പരിക്കേറ്റിരുന്നു. വെള്ളൂർ - വെട്ടിക്കാട്ടുമുക്ക് റോഡിലൂടെ കെപിപിഎൽ, തലയോലപറമ്പ്, വൈക്കം, ഇറുമ്പയം, പെരുവ ഭാഗങ്ങളിലേക്ക് എത്താൻ നൂറുകണക്കിനാളുകൾ ഈ അടിപ്പാതയെ ആശ്രയിക്കുന്നുണ്ട്. അടിപ്പാതയിൽ ചെളിവെള്ളം നിറഞ്ഞുകിടക്കുന്നതു വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
വെള്ളൂർ റബർ പാർക്കിലെ നിർമാണപ്രവർത്തനങ്ങൾക്കായി ടിപ്പർ ലോറികളിൽ കൊണ്ടുപോകുന്ന മണ്ണ് വാർന്ന് അടിപ്പാതയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വീണ് ചെളിക്കുളമായിരിക്കുകയാണ്. റെയിൽവേ വെള്ളം പമ്പ് ചെയ്ത് കളയുന്നതിന് നിർമിച്ചിരിക്കുന്ന കിണറിലേക്കു ചെളി വീണ് നിറഞ്ഞ് പമ്പിംഗ് സംവിധാനം തകരാറിലായതാണ് ഗതാഗതതടസത്തിനു കാരണം. മലിനജലം കെട്ടിക്കിടക്കുന്നത് സാംക്രമികരോഗഭീഷണയും ഉയർത്തുന്നു.
കമ്പനി കോൺട്രാക്ടറോടും കെആർഎൽ മാനേജ്മെന്റ് അധികൃതരോടും നിരവധി തവണ പറഞ്ഞിട്ടും വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. അപകടസ്ഥിതി കണക്കിലെടുത്ത് റെയിൽവേ അധികൃതർ അടിപ്പാതയിലൂടെയുള്ള ഗതാഗതം നിരോധിക്കാനിടയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.