തോടുകളില്‍ പോളനിറഞ്ഞ് ഒഴുക്കു നിലച്ചു; ഓടേറ്റി തെക്ക്, കൊല്ലത്ത്ചാത്തങ്കരി പാടശേഖരങ്ങളില്‍ മടവീഴ്ച
1602248
Thursday, October 23, 2025 7:38 AM IST
ചങ്ങനാശേരി: തോടുകളില്‍ പോളനിറഞ്ഞ് ഒഴുക്കു തടസപ്പെട്ടു. തുലാമഴ ശക്തമാകുന്നതിനിടെ വാഴപ്പള്ളി പഞ്ചായത്ത് 21-ാം വാര്‍ഡിലുള്ള ഓടേറ്റി തെക്ക് പാടശേഖരത്തിൽ മടവീഴ്ച. വാഴപ്പള്ളി കൃഷി ഭവനിലെ 505 ഏക്കറും വെളിയനാട് കൃഷി ഭവനിലെ 45 ഏക്കറും അടങ്ങുന്നതാണ് പാടശേഖരം. അടുത്ത കൃഷിക്കായി പാടം ഒരുക്കുന്ന സമയത്താണ് മടവീഴ്ച. പാടശേഖരസമിതി മട വീണത് അടയ്ക്കുന്നതിനുള്ള ശ്രമം നടത്തിവരികയാണ്. ഒരു അള്ള അടയ്ക്കുമ്പോള്‍ മറ്റ് അള്ളകള്‍ പൊട്ടി പാടശേഖരത്തേക്ക് വെള്ളം കുത്തിയൊഴുകുകയാണ്. ഈ പാടശേഖരത്തില്‍ 320 കൃഷിക്കാരാണുള്ളത്.
കഴിഞ്ഞ ദിവസം പായിപ്പാട് കൃഷിഭവന്റെ കീഴിലുള്ള കൊല്ലത്തുചാത്തങ്കരി പാടത്തും മട വീണിരുന്നു. ളായിക്കാട് പാലം-പൂവം തോട്ടില്‍ പോള തിങ്ങിനിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ പാടശേഖരത്ത് മടവീണത്. 92 ഏക്കറുള്ള പാടശേഖരം പുഞ്ചക്കൃഷിക്കായി ഒരുക്കുന്നതിനിടെയാണ് മട വീണത്. മോട്ടര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനിടെയാണ് സംഭവം. നവംബര്‍ പത്തോടെ കൃഷിയിറക്കേണ്ട പാടശേഖരങ്ങളാണിത്.
മട വീണ പാടശേഖരങ്ങള്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി, സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് പറമ്പിശേരി, അനിയന്‍കുഞ്ഞ്, കെ.ബി. രവീന്ദ്രന്, അപ്പച്ചന് വട്ടക്കളം, ബൈജു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, കൃഷി ഓഫീസര്‍ ബോണി സിറിയക് എന്നിവരും പാടശേഖരം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി.
മടവീഴ്ചയ്ക്കു കാരണം ബണ്ടുകളുടെ ബലക്കുറവ്
തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും റെഗുലേറ്റ് ചെയ്യുന്നതിലെ സർക്കാരിന്റെ അനാസ്ഥയാണ് മട വീഴ്ചയ്ക്കു കാരണം. ബണ്ട് കല്ലുകെട്ടി സംരക്ഷിക്കാത്ത സര്‍ക്കാരിന്റെ നടപടിയും മടവീഴ്ചയ്ക്കു കാരണമാണ്.
വി.ജെ. ലാലി
നെല്‍കര്‍ഷക സംരക്ഷണ
സമിതി രക്ഷാധികാരി
തോടുകളിലെ പോള ദുരിതം
തോടുകളിലെ പോള കര്‍ഷകര്‍ക്ക് ദുരിതമാണ്. ഓടേറ്റി തെക്ക് മട അടയ്ക്കുന്നതിനു രണ്ടു ലക്ഷം രൂപ ചെലവ് വരും. മട വീണ പാടശേഖരങ്ങള്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിക്കണമെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സന്തോഷ് പറമ്പിശേരി
ഓടേറ്റി തെക്ക്
പാടശേഖര സമിതി സെക്രട്ടറി
പോള നീക്കാന്‍ നടപടി വേണം
തോടുകളിലെ പോള നീക്കി ഒഴുക്ക് സുഗമമാക്കാന്‍ ഇറിഗേഷനും കൃഷിവകുപ്പും തയാറാകണം. കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാനും തയാറാകണം.
കൃഷ്ണപ്രസാദ്, (ചലച്ചിത്രതാരം)
കൊല്ലത്ത് ചാത്തങ്കരി
പാടശേഖര സമിതി പ്രസിഡന്റ്