നന്പ്യാകുളത്ത് ലോറിയിടിച്ചു തകര്‍ത്ത ബസ് കാത്തിരിപ്പുകേന്ദ്രം നന്നാക്കൽ വൈകുന്നു
1602239
Thursday, October 23, 2025 7:32 AM IST
നന്പ്യാകുളം: ഒന്നര വര്‍ഷം മുമ്പ് ലോറിയിടിച്ചു തകര്‍ന്ന ബസ് കാത്തിരിപ്പു കേന്ദ്രം നന്നാക്കാന്‍ നടപടികളില്ല. കോട്ടയം-എറണാകുളം റോഡിലെ നമ്പ്യാകുളം ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രമാണ് നിയന്ത്രണംവിട്ട ലോറിയിടിച്ചു തകര്‍ത്തത്. കാത്തിരിപ്പുകേന്ദ്രത്തില്‍ ഇടിച്ചശേഷം നിര്‍ത്താതെ ഓടിച്ചുപോയ ലോറി കോതനല്ലൂരില്‍ വൈദ്യുതിത്തൂണുകളും ഇടിച്ചുതകര്‍ത്തിരുന്നു. ബസ് കാത്തിരിപ്പു കേന്ദ്രം നന്നാക്കണമെന്ന ആവശ്യം പലവട്ടം ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളോടും എംഎല്‍എയോടും പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാരനായ സി. വിന്‍സന്റ് പറയുന്നു.
ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ ഉള്‍പ്പെടെ നമ്പ്യാകുളത്തെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നുണ്ട്. ശക്തമായ കാറ്റും മഴയുമുണ്ടായാല്‍ അപകടാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രം മറിഞ്ഞുവീഴുന്നതിനുള്ള സാധ്യതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്പ്യാകുളം ജംഗ്ഷനില്‍ 2014-15 കാലഘട്ടത്തില്‍ എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച 2.50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്.
സ്റ്റീല്‍ കമ്പി കൊണ്ടുള്ള ഇരിപ്പിടമടക്കം സൗകര്യമുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും തകര്‍ന്നു. എറണാകുളം ഭാഗത്തേക്കു പോകുമ്പോള്‍ ഇടതുവശത്തായി സ്ഥിതി ചെയ്തിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രമാണ് തകര്‍ന്നത്. സ്കൂള്‍ കുട്ടികളും മറ്റു യാത്രക്കാരും ഇതുമൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദിവസവും പുലര്‍ച്ചെ മുതല്‍ ജോലിസ്ഥലത്തേക്കടക്കം പോകാനായി നിരവധിയാളുകളാണ് ഇവിടെ ബസ് കാത്തുനിന്നിരുന്നത്.
മഴ പെയ്താല്‍ മുഴുവന്‍ വെള്ളവും യാത്രക്കാരുടെ ദേഹത്തു വീഴുന്ന സ്ഥിതിയാണ്. കാറ്റും മഴയുമുള്ള സമയങ്ങളില്‍ അപകടഭീതിമൂലം കുട്ടികളടക്കം സമീപത്തെ കടകളുടെ വരാന്തയിലാണ് ബസ് കാത്തു നില്‍ക്കുന്നത്. ബസ് വരുന്ന സമയങ്ങളില്‍ ഇവിടെനിന്ന് ഓടി വരുന്നതിനിടെ വിദ്യാര്‍ഥികളെ കയറ്റാതെ ബസ് മുന്നോട്ടുപോകുന്നത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നു.
ഈ കാത്തിരിപ്പുകേന്ദ്രം വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന വിശ്രമകേന്ദ്രം കാറ്റില്‍ മരം വീണാണ് നശിച്ചതെന്ന് കിഴക്കെത്തെരുവില് ജോമോന് സ്കറിയ പറഞ്ഞു. തുടര്‍ന്ന് മെച്ചപ്പെട്ട നിലയില്‍ നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് ലോറിയിടിച്ച് തകര്‍ന്നതെന്നും ജോമോന് പറയുന്നു.
പുതിയ കാത്തിരിപ്പു കേന്ദ്രം ഉടന്‍
പുതിയ കാത്തിരിപ്പു കേന്ദ്രത്തിനായി മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് ഒരാഴ്ച്ചയ്ക്കകം എടുക്കും. തകര്‍ന്നുകിടക്കുന്ന കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റും. നിലവിലുള്ളതില്‍നിന്ന് കുറച്ചുകൂടി ഉയര്‍ത്തി ആധുനിക സൗകര്യത്തോടെ ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രമാകും സ്ഥാപിക്കുന്നത്.
ബിനോ സ്കറിയ,
മാഞ്ഞൂര്‍ പഞ്ചായത്തംഗം