റെജീനയുടെ പ്രതീക്ഷകള്‍ പിച്ചിച്ചീന്തി അന്‍പത് കോഴികളെ കുറുനരികള്‍ കൊന്നുതിന്നു
1602247
Thursday, October 23, 2025 7:38 AM IST
ചങ്ങനാശേരി: മാടപ്പള്ളി പെരുമ്പനച്ചി പ്രാക്കുഴിവീട്ടില് റെജീന ജോജിയുടെ കൂട്ടിലെ അമ്പതു കോഴികളെ കൂട്ടത്തോടെയെത്തിയ കുറുനരികള്‍ കടിച്ചുകീറി കൊന്നുതിന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് സംഭവം. തടിയും കമ്പിയും ഉപയോഗിച്ച് നിര്‍മിച്ച രണ്ടുകൂടുകളിലാണ് കോഴികളെ സൂക്ഷിച്ചിരുന്നത്. കൂട്ടില്‍ അറുപത് കോഴികളെയാണ് വളര്‍ത്തിയിരുന്നത്. കമ്പിവലകള്‍ വലിച്ചുപൊട്ടിച്ച് കൂട്ടില്‍ കടന്നാണ് കുറുനരികള്‍ കോഴികളെ കടിച്ചുകീറിയത്.
രാവിലെ ആറുമണിയോടെ റെജീന കൂടുതുറക്കാന്‍ ചെന്നപ്പോഴാണ് കടിച്ചുകീറപ്പെട്ട് രക്തം വാര്‍ന്നൊഴുകി കിടക്കുന്ന കോഴികളെ കണ്ടത്. മാടപ്പള്ളി പഞ്ചായത്ത് 19-ാം വാര്‍ഡില്‍ തെങ്ങണ വട്ടച്ചാല്പ്പടിയില്നിന്നു പെരുമ്പനച്ചിയിലേക്കുള്ള റോഡരികിലാണ് റെജീനയുടെ വീട്. വാര്‍ഡ്മെംബര്‍ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് പഞ്ചായത്ത് സെക്രട്ടറിയേയും മാടപ്പള്ളി മൃഗാശുപത്രിയിലും അറിയിച്ചിട്ടുണ്ട്.
മൂന്നുമാസംമുമ്പ് ഈ ഭാഗത്തുള്ള തേനാടി ഓണാട്ട് തോമാച്ചന്റെ 14 താറാവുകളെയും എട്ടുമാസം മുമ്പ് പെരുമ്പനച്ചിഭാഗത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന 15 കോഴികളേയും തെരുവുനായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.
കോഴിയെ വളര്‍ത്തിയായിരുന്നു വീട്ടുകാര്യങ്ങള്‍ നടത്തിയിരുന്നത്; കണ്ണീരോടെ റെജീന ജോജി
ഭര്‍ത്താവ് ജോജി വിദേശത്ത് ചെറിയ വരുമാനം മാത്രമുള്ള ജോലിയിലാണ്. ആറുസെന്റ് സ്ഥലം മാത്രമാണുള്ളത്. വീട്ടുചെലവിനുവേണ്ടിയാണ് കോഴിവളര്‍ത്തല്‍ ആരംഭിച്ചത്. ആറിലും രണ്ടിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കോഴി വളര്‍ത്തലുണ്ട്. മക്കളും കോഴികളെ നോക്കാൻ സഹായിക്കും.
അറുപതില്‍ അമ്പതു കോഴികളും നഷ്ടമായത് ദുഃഖമായി. കുറുനരികള്‍ കോഴിക്കൂടും തകര്‍ത്തിട്ടുണ്ട്. ഇനി എന്തുചെയ്യുമെന്നറിയില്ല.
അധികാരികള്‍ പറയുന്നതിങ്ങനെ: "ഇതിനൊന്നും നഷ്ടപരിഹാരം നല്കാന് സ്കീമില്ല
കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി കൃഷിയിടങ്ങള്‍ നിലംപരിശാക്കുന്നു. തെരുവുനായ്ക്കളും കുറുനരികളും കോഴികളെയും ആടുകളെയും കൊന്നുതിന്നുന്നു. നഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ സമീപിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളേയും കൃഷി, മൃഗസംരക്ഷണ വകുപ്പിലേയും അധികൃതര്‍ കൈമലര്‍ത്തുന്നു. കൃഷിയിറക്കുന്നതിനുമുമ്പു മടവീണാൽ നഷ്ടപരിഹാരം നല്‍കാനും വകുപ്പില്ലെന്ന് കൃഷിവകുപ്പ് കൂട്ടിച്ചേർക്കുന്നു.
ഇതിനൊന്നും നഷ്ടപരിഹാരം നല്കാന് സ്കീമില്ല. ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞു മടക്കിയയ്ക്കുന്നു. കര്‍ഷകര്‍ ചോദിക്കുന്നു. ഇതെന്തൊരു നാട്...ഇതെന്തൊരു സിസ്റ്റം.
നടപടിയും നഷ്ടപരിഹാരവും ഉണ്ടായേ മതിയാകൂ
മാടപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി, തെരുവുനായ്ക്കള്‍, കുറുനരി ശല്യം വര്‍ധിക്കുന്നത് കര്‍ഷകരിലും കോഴി, ആട് വളര്ത്തുകാരിലും ആശങ്ക സൃഷ്ടിക്കുകയാണ്. ഈ വിഷയങ്ങള്‍ ഉന്നയിച്ച് പഞ്ചായത്ത് ഓഫീസിനുമുമ്പില്‍ ധര്‍ണ നടത്തിയിരുന്നു.
കൃഷി നാശം നേരിടുന്ന കര്‍ഷകര്‍ക്കും കോഴി, ആട് എന്നീ നഷ്ടമാകുന്നവര്‍ക്കും നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണം. അല്ലാത്തപക്ഷം കര്‍ഷകരെ രംഗത്തിറക്കി സമരം ചെയ്യും.
ബാബു കുട്ടന്‍ചിറ,
മാടപ്പള്ളി വികസന
സമിതി ചെയര്മാന്