ചാലടി പാടശേഖരത്തിന് പമ്പ് സെറ്റ് കൈമാറി
1533250
Saturday, March 15, 2025 7:24 AM IST
ചങ്ങനാശേരി: കുറിച്ചി ഇളങ്കാവ് ചാലടി പാടശേഖരത്തിൽ നെല്‍കൃഷി പ്രോത്സാഹനത്തിനായി പാടശേഖര സമിതിക്ക് പമ്പ് സെറ്റ് കൈമാറി പള്ളം ബ്ലോക്ക് പഞ്ചായത്ത്. വര്‍ഷങ്ങളായി തരിശുകിടന്നിരുന്ന ചാലടി പാടശേഖരത്തില്‍ കുറിച്ചി പഞ്ചായത്തും കൃഷിഭവനും പാടശേഖര സമിതിയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ നെല്‍കൃഷി ആരംഭിച്ചിരുന്നു.
പഞ്ചായത്തിലെ മുഴുവന്‍ തരിശ് നിലങ്ങളും കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തില്‍ അവശേഷിച്ച ഏക തരിശു പാടശേഖരമായ ഇളങ്കാവ് വാലടി പാടശേഖരത്തിൽ കൃഷിയാരംഭിച്ചത്. പാടത്തേക്ക് കൊയ്ത്ത് യന്ത്രവും ട്രാക്ടറും ഇറക്കുന്നതിനായി റോഡ് സൗകര്യം സജ്ജമാക്കി പാടശേഖര സമിതി വിളിച്ചു കൂട്ടി കൃഷി ആരംഭിക്കുകയായിരുന്നു.
വര്‍ഷങ്ങളോളം തരിശ് കിടന്ന പാടത്ത് വെള്ളം വറ്റിക്കുന്നതിനാവശ്യമായ പെട്ടിയും പറയും ലഭ്യമല്ലാതിരുന്നതിനാല്‍ വാടക നല്‍കിയാണ് ഇവ ഉപയോഗിച്ചിരുന്നത്. കര്‍ഷകരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെടുത്തിയതോടെ പള്ളം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മോട്ടോര്‍ പമ്പ് സെറ്റ് ലഭ്യരാക്കിയത്.
പാടശേഖരത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് പമ്പ് സെറ്റ് പാടശേഖര സമിതിക്കു കൈമാറി. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി ഭാരവാഹികളായ പി.പി. സുരേഷ്, കെ.പി. സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.