പാലാ അല്‍ഫോന്‍സ അത്ലറ്റിക് അക്കാഡമിക്ക് അസൈക്കിന്റെ കൈത്താങ്ങ്
1515186
Monday, February 17, 2025 11:53 PM IST
പാലാ: അല്‍ഫോന്‍സ അത്ലറ്റിക് അക്കാഡമിക്ക് അസൈക് ഏര്‍പ്പെടുത്തിയ കളിക്കളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലൂടെ ഒരുലക്ഷം രൂപ വില വരുന്ന വിവിധ കായികഉപകരണങ്ങളുടെ വിതരണോദ്ഘാടനം നാളെ അല്‍ഫോന്‍സ കോളജ് ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടത്തും.
2021 ല്‍ സ്ഥാപിതമായ മുന്‍ കായികതാരങ്ങളുടെ സംഘടനയാണ് അസൈക് (അലുമ്നി ഓഫ് സായ് കാലിക്കറ്റ്). 1991ല്‍ സ്ഥാപിതമായ സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കോഴിക്കോട് സെന്ററില്‍ പരിശീലിച്ച് കായിക മേഖലയ്ക്ക് സമഗ്ര സംഭാവനകള്‍ നല്കിയ 500ല്‍പരം കായികതാരങ്ങളാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. അസൈക്കിന്റെ പ്രധാനമായ ഉദ്ദേശ്യലക്ഷ്യം വളര്‍ന്നുവരുന്ന പുതുതലമുറയ്ക്ക് ഒരു കൈത്താങ്ങാവുക എന്നതാണ്. അതിനായി കളിക്കളത്തിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ കേരളത്തിലെ 15 കായിക അക്കാഡമികള്‍ക്ക് ആവശ്യമായ കായിക ഉപകരണങ്ങള്‍ നല്കി അവരെ സഹായിക്കുന്നു.
പാലാ അല്‍ഫോന്‍സ അത്ലറ്റിക് അക്കാഡമിക്ക് നൽകുന്ന കൈത്താങ്ങ് അസൈകിന്റെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. നാളെ നടക്കുന്ന കായിക ഉപകരണങ്ങളുടെ വിതരണച്ചടങ്ങില്‍ മുന്‍ സായി പരിശീലകനായ ജോര്‍ജ് പി. ജോസഫ്, അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ്, അന്തരാഷ്ട്ര വോളിബാള്‍താരം വിപിന്‍ ജോര്‍ജ്, അന്താരാഷ്ട്ര അത്ലറ്റ് പിന്റോ മാത്യു, അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍, ഫെഡറല്‍ ബാങ്ക് മാനേജര്‍ ജൂലിയ ജോര്‍ജ്, അല്‍ഫോന്‍സ കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അല്‍ഫോന്‍സ അത്ലറ്റിക് അക്കാഡമി ഡയറക്ടര്‍ ഡോ. തങ്കച്ചന് മാത്യു എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.