ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തി പണവുമായി മുങ്ങിയ ആള് പിടിയില്‍
1513583
Thursday, February 13, 2025 12:03 AM IST
പാലാ: ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തി ബില്ലടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണവുമായി കടന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ മരിയന്‍ മെഡിക്കൽ സെന്ററില്‍ ചികിത്സയിലായിരുന്ന മുണ്ടുപാലം സ്വദേശി ആരംപുളിക്കല്‍ ജോസഫിന്റെ പണമാണ് നഷ്ടമായത്. സംഭവത്തില്‍ കൊല്ലം നെടുമ്പന സ്വദേശി ജയിംസ് ലൂക്ക് ആണ് പിടിയിലായത്.
വീട്ടില്‍ തെന്നിവീണ് അസ്ഥിക്കു പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് കിടപ്പിലായിരുന്നു ജോസഫ്. ഇദ്ദേഹത്തെ പരിചരിക്കാനാണ് സുഹൃത്ത് മുഖേന ജയിംസിനെ ഒപ്പം നിര്‍ത്തിയത്. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ അടയ്ക്കുന്നതിനും ആശുപത്രി ആവശ്യത്തിനുമായി ഒരു ലക്ഷത്തോളം രൂപ ജോസഫിന്റെ കൈവശമുണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഈ പണം കൈക്കലാക്കി ജയിംസ് കടന്നുകളയുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് പാലാ പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും കൊല്ലത്തുനിന്നു പിടികൂടുകയുമായിരുന്നു.
എസ്എച്ച്ഒ ജോബിന് ആന്റണിയുടെ നേതൃത്വത്തില്‍ എസ്ഐ ബേബി ജോണ്‍, എഎസ്ഐമാരായ സുനില്‍, ജോബി, ജിനു, എസ് സിപിഒ അരുണ്‍കുമാര്‍, സിപിഒ സിനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.