ജനറൽ ആശുപത്രി ജംഗ്ഷൻ നവീകരണം: ജനകീയ കമ്മിറ്റി രൂപീകരിച്ചു
1485316
Sunday, December 8, 2024 5:23 AM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി ജംഗ്ഷൻ നവീകരിക്കുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു. ആശുപത്രിയുടെ ജീർണാവസ്ഥയിലുള്ള മതിലും വെയിറ്റിംഗ് ഷെഡും പരിസരവും നവീകരിച്ച് മനോഹരമാക്കുന്നതിനാണ് പദ്ധതി. ആശുപത്രിയിൽ ചേർന്ന യോഗം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു.
മൂന്നുലക്ഷം രൂപ വെയ്റ്റിംഗ് ഷെഡ് നവീകരണത്തിന് പഞ്ചായത്തിൽ നിന്ന് അനുവദിച്ചു. മതിലടക്കമുള്ള ഭാഗങ്ങൾ വൃത്തിയാക്കി പെയിന്റ് ചെയ്ത മനോഹരമാക്കുന്നതിന് ആവശ്യമായ തുക പൊതുജന പങ്കാളിത്തത്തോടെ കണ്ടെത്തും.
കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ എൻഎസ്എസ് യൂണിറ്റ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 20000 രൂപ ഫാ. വിൽസൺ പുതുശേരി, അനു അനീഷ് എന്നിവരിൽ നിന്ന് ഡോ.എൻ. ജയരാജ് ഏറ്റുവാങ്ങി.
വാർഡ് മെംബർ ആന്റണി മാർട്ടിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേർത്തത്. ബി. രവീന്ദ്രൻ നായർ, സുമേഷ് ആൻഡ്രൂസ്, ബിജു പത്യാല, ബെന്നിച്ചൻ കുട്ടൻചിറയിൽ, ടോമി നെല്ലാംതടം, എം.എം. ഷാജി, ലാലിറ്റ് എസ്. തകിടിയേൽ, എൻ.കെ. സുധാകരൻ നായർ, പ്രാൺ ബി. ഏർത്തയിൽ, ജോയി മുണ്ടാമ്പള്ളി, പി.വി. ജോർജുകുട്ടി, കെ.കെ. ശശികുമാർ, സജിത ഷാജി, മെഹർ ഫിറോസ്, ഷമീർ ഷാ എന്നിവർ പ്രസംഗിച്ചു.