വനാതിർത്തി മേഖലയിൽ വന്യജീവി ആക്രമണം തുടർക്കഥ
1467186
Thursday, November 7, 2024 5:35 AM IST
മുണ്ടക്കയം: പുഞ്ചവയൽ പാക്കാനം ഇച്ചിക്കുഴി മേഖലയിൽ കഴിഞ്ഞ ആറു വർഷത്തിനിടെ വനജീവി ആക്രമണത്തിനിടെ പൊലിഞ്ഞത് മൂന്നു ജീവനുകൾ. 2018 ഓഗസ്റ്റിൽ പശുവിന് പുല്ലുചെത്താൻ പോയ സൗദാമിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഇവരോടൊപ്പമുണ്ടായിരുന്ന ഭർത്താവ് അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതിന് സമീപത്തു തന്നെ മരണവീട്ടിലെത്തിയ നിരവധി ആളുകൾക്കാണ് കടന്നൽക്കുത്തേറ്റത്. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്നീട് വനംവകുപ്പ് ഈ കടന്നൽക്കൂട് നശിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് നാടിനെ നടുക്കി വനംകുളവി രണ്ടുപേരുടെ ജീവനപഹരിച്ചത്.
പുഞ്ചവയൽ പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണ് (108), മകൾ തങ്കമ്മ (82) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ മറ്റ് രണ്ടുപേർക്കും കുളവിയുടെ കുത്തേറ്റിരുന്നു. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി വന്യമൃഗ ആക്രമണങ്ങളും അതിർത്തി മേഖലയിൽ ഉണ്ടാകാറുണ്ട്.
വന്യമൃഗങ്ങൾ വ്യാപകമായി ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നതിന് പിന്നാലെ വനംകുളവി പോലുള്ള വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നത് മലയോര ജനതയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കുഞ്ഞുപെണ്ണും തങ്കമ്മയും താമസിച്ചിരുന്ന വീടിന് സമീപത്തുവച്ചാണ് ഇരുവർക്കും വനംകുളവിയുടെ കുത്തേറ്റത്.