ക്ഷീരമേഖലയില്‍നിന്നു കര്‍ഷകർ പിന്മാറുന്നു
1461056
Monday, October 14, 2024 11:50 PM IST
കോട്ടയം: ക്ഷീരമേഖലയില്‍നിന്നുള്ള കര്‍ഷകരുടെ കൊഴിഞ്ഞുപോക്കിനെത്തുടര്‍ന്ന് ജില്ലയില്‍ പാല് ഉത്പാദനത്തിൽ ഗണ്യമായ കുറവ്. വരുമാനത്തിനപ്പുറം ചെലവ് കുത്തനെ കൂടിയതോടെ ജില്ലയില്‍ കന്നുകാലി വളര്‍ത്തല്‍ ഒട്ടേറെപ്പേര്‍ ഉപേക്ഷിച്ചിരുന്നു. ഫാമുകളുടെ എണ്ണത്തിലും കുറവുണ്ടായി.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ പ്രതിദിന ഉത്പാദനത്തില്‍ 15,384 ലിറ്ററിന്റെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ശരാശരി പ്രതിദിന ഉത്പാദനം 87,693 ലിറ്ററാണ്. ഈ സെപ്റ്റംബറില്‍ ഇത് 72,309 ലിറ്ററായി കുറഞ്ഞു. ഓഗസ്റ്റില്‍ 72,255 ലിറ്റായിരുന്നു ഉത്പാദനം.
കാലിത്തീറ്റ, മരുന്ന്, പച്ചപ്പുല്ല് എന്നിവയുടെ വില വലിയതോതിലാണ് വര്‍ധിച്ചത്. വെറ്ററിനറി മരുന്നുകളുടെ വിലവര്‍ധനയും തിരിച്ചടിയായി. ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കാത്തതും പശുക്കള്‍ക്ക് ഇടയ്ക്കിടെ രോഗം വരുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. വൈക്കോലിനും തോന്നുംപടിയാണ് വില. ഇതോടെ പശുവളര്‍ത്തല്‍ നഷ്ടത്തിലേക്ക് നീങ്ങുകയും പലരും മേഖലയില്‍നിന്ന് പിന്‍വാങ്ങുകയുമായിരുന്നു.
കന്നുകാലി ഇന്‍ഷ്വറന്‍സ് പ്രീമിയം തുകയിലെ വര്‍ധനയും ക്ഷീരമേഖലയ്ക്ക് തിരിച്ചടിയായി. 2000 രൂപയില്‍ താഴെയുണ്ടായിരുന്ന വാര്‍ഷിക പ്രീമിയം 5000 ത്തിന് മുകളിലായി. പശുവിന്റെ വില വര്‍ധിച്ചതാണ് കാരണമായി കമ്പനികള്‍ പറയുന്നത്.
റബര്‍ വിലയിടിവിനെത്തുടർന്ന് മലയോരമേഖലയിലെ കര്‍ഷകര്‍ കൂട്ടമായി പശുവളര്‍ത്തലിലേക്ക് തിരിഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കിയതോടെ വന്‍തോതില്‍ ഫാം മാതൃകയിലും കര്‍ഷകര്‍ രംഗത്തെത്തി. ഇതോടെ പാല് ഉത്പാദനം വര്‍ധിച്ചു. എന്നാല്‍, പിന്നീട് പ്രതിസന്ധികളേറെയായതോടെ, പിന്മാറി.
വന്‍തുക വായ്പയെടുത്ത് ഫാം തുടങ്ങിയ പലരും കടക്കെണിയിലുമാണ്. തമിഴ്നാട്ടിലേക്ക് ജില്ലയില്‍നിന്ന് പശുക്കളെ കൂട്ടമായി വാങ്ങിക്കൊണ്ടുപോയതും പാലിന്റെ അളവ് കുറയാന്‍ ഇടയാക്കി. ഡയറി ഫാമുകള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഗോകുല്‍ മിഷന് പദ്ധതിക്കായാണ് ജില്ലയില്‍ നിന്നടക്കം പശുക്കളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്.