ശബരി എയര്‍പോര്‍ട്ട്: സാമൂഹികാഘാത പഠനസംഘം ഇന്നെത്തും
1459859
Wednesday, October 9, 2024 5:46 AM IST
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു മുന്നോടിയായി സാമൂകാഘാത പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട തൃക്കാക്കര ഭാരത് മാതാ സോഷ്യല്‍ സയന്‍സ് കോളജ് സംഘം ഇന്ന് എരുമേലിയിലെത്തും. സ്ഥലം വിട്ടുകൊടുക്കേണ്ടവരെയും തൊഴിലാളികളെയും നേരില്‍കണ്ട് നിശ്ചിത ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിക്കും. ഇത് സംബന്ധിച്ച പ്രാരംഭ ജോലികള്‍ കോളജില്‍ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
എരുമേലി തെക്ക്, മണിമല വില്ലേജ് പരിധിയില്‍ 1039.876 ഹെക്ടര്‍ (2570 ഏക്കര്‍) സ്ഥലമാണ് എയര്‍പോര്‍ട്ട് നിര്‍മാണത്തിന് ഏറ്റെടുക്കുന്നത്. ഇതില്‍ 2,250 ഏക്കറോളം വരുന്ന ചെറുവള്ളി എസ്റ്റേറ്റ് തിരുവല്ല ആസ്ഥാനമായ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ്. എരുമേലി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍പ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് ലയങ്ങളില്‍ അറുന്നൂറോളം റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ താമസിക്കുന്നുണ്ട്.
ഇതിനുള്ളില്‍ എസ്റ്റേറ്റ് വക ആരാധനലായങ്ങളും സ്ഥാപനങ്ങളുമുണ്ട്. റണ്‍വേ നിര്‍മാണത്തിനും അനുബന്ധ സംവിധാനങ്ങള്‍ക്കുമായി 150 ഏക്കറോളം സ്ഥലമാണ് സമീപത്തുനിന്ന് ഏറ്റെടുക്കുന്നത്. ഇരുപത് പേര് അടങ്ങുന്ന കോളജ് സംഘം എല്ലാവരെയും നേരില്‍ കണ്ടതിനുശേഷം പൊതുയോഗം വിളിച്ചുകൂട്ടി പ്രതികരണങ്ങളും ആശങ്കകളും ആരായും. മൂന്നു മാസത്തിനുള്ളില്‍ ഭാരത് മാതാ കോളജ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.