പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍
1459833
Wednesday, October 9, 2024 5:45 AM IST
കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ബേക്കറി നടത്തിയിരുന്ന യുവാവ് പോലീസ് പിടിയില്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കടുത്തുരുത്തി കെഎസ് പുരം മാളിയേക്കല്‍ അലക്സ് ജോയി (27) ആണ് റിമാന്‍ഡിലായത്. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തത്.
കടുത്തുരുത്തി ടൗണില്‍ ബേക്കറി നടത്തിയിരുന്ന അലക്സ് കഴിഞ്ഞ 30ന് കടയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. വിദേശത്ത് ജോലിക്കായി പോവുകയാണെന്നാണ് ഇയാള്‍ സുഹൃത്തുക്കളോടും സമീപത്തെ കടകളിലും പറഞ്ഞിരുന്നത്. ഇതിനുശേഷമാണ് ഇയാള്‍ കഴിഞ്ഞദിവസം വൈകുന്നേരത്തോടെ വിദ്യാര്‍ഥിനിയെ കടയില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ സുഹൃത്താണ് പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടിലെത്തിച്ചത്. രാത്രിയില്‍ വൈകിയെത്തിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരമറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പേലീസ് കേസെടുത്ത വിവരമറിഞ്ഞ് ഒളിവില്‍ പോയ പ്രതി തിങ്കളാഴ്ച കീഴടങ്ങുകയായിരുന്നു. ഇയാളുടെ കടയുമായി ബന്ധപ്പെട്ട് മുമ്പും ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.