കുമരകത്ത് പുതിയയിനം കളസസ്യം കണ്ടെത്തി
1458874
Friday, October 4, 2024 5:56 AM IST
കുമരകം: ഇത്തിക്കായല്‍ പ്രദേശത്തു പുതിയയിനം അധിനിവേശ കള വ്യാപിക്കുന്നതായി കണ്ടെത്തി. ഇതു സംബന്ധിച്ച് നിരീക്ഷണത്തിനായി കാര്‍ഷിക സര്‍വകലാശാലയിലെ ദേശീയ കള ഗവേഷണ പ്രോജക്ടിലെ ശാസ്ത്രജ്ഞര്‍ കുമരകത്തെത്തി പഠനം നടത്തി. 2021 മുതല്‍ ചെറിയതോതില്‍ പുതുസസ്യത്തെ കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
ആറ്, ഏഴ് അടി ഉയരത്തില്‍ നീളമേറിയ ഇലകളോടുകൂടി തിങ്ങിവളരുന്ന ചെടി അതിന്റെ ഭൂകാണ്ഡങ്ങളില്നിന്നു കിളിര്‍ക്കുന്ന ചിനപ്പുകള്‍ വഴിയാണ് പടരുന്നത്. വെള്ളക്കെട്ടുള്ള ഇടങ്ങളാണ് ഇതിന്റെ ആവാസകേന്ദ്രം. തരിശുകിടക്കുന്ന ഇത്തിക്കായല്‍ പാടത്താണ് വ്യാപിച്ചു തുടങ്ങിയത് ചെടിവ്യാപിച്ചതോടെ പ്രദേശത്ത് ഇഴജന്തുക്കളുടെയും കൊതുകിന്റെയും ശല്യം വര്‍ധിച്ചു.
ജലജന്യ രോഗങ്ങളുടെ ഭീഷണിയും കൂടുതലാണ്. ഈ ചെടിയുടെ വ്യാപനം തടയുന്നതിനും ഉന്മൂലനാശം ചെയ്യുന്നതിനുമായുള്ള നടപടി കണ്ടെത്തേണ്ടതാണെന്നും ഹാന്ഗുനാ ആന്തേളമിന്തിക്കാ ( Hanguana anthelminthica) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമമെന്നും ശാസ്ത്രജ്ഞന്മാര് പറയുന്നു.
തോമസ് ജോണ്‍, ടി.പി. ജോണ്‍, ടി.ബി. ജോണ്‍, റ്റിജോ പി. ജോണ്‍, മത്തായി, കൊച്ചുമോള്, തോമസ് മറ്റം എന്നീ പ്രദേശവാസികളാണ് കള സംബന്ധിച്ച വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കു നല്‍കിയത്.
അഗ്രോണമി പ്രഫ.ഡോ.പി. പ്രമീള, അസിസ്റ്റന്റ് പ്രഫ.ഡോ. സവിത ആന്റണി, കോട്ടയം കൃഷി വിജ്ഞാനം കേന്ദ്രം മേധാവി ഡോ.ജി. ജയലക്ഷ്മി എന്നിവരുടെ സംഘമാണ് സ്ഥലം സന്ദര്‍ശിക്കുകയും പ്രദേശവാസികളില്‍നിന്ന് വിവരശേഖരിക്കുകയും ചെയ്തത്.