മഴ മാറി വെയില് തെളിഞ്ഞു; തകര്‍ന്നുകിടക്കുന്ന റോഡുകള്‍ നന്നാക്കാന്‍ നടപടികളില്ല
1454440
Thursday, September 19, 2024 7:17 AM IST
കടുത്തുരുത്തി: മഴ മാറി വെയില് തെളിഞ്ഞിട്ടും തകര്‍ന്നുകിടക്കുന്ന റോഡുകള്‍ നന്നാക്കാന്‍ നടപടികളില്ല. മഴക്കാലത്ത് വെള്ളക്കെട്ടും ചെളിയും നിറഞ്ഞിരുന്ന റോഡുകള്‍ വെയില് ശക്തമായതോടെ പൊടിശല്യത്തിലൂടെ വീണ്ടും പൊതുജനങ്ങൾക്കു ബുദ്ധിമുട്ടാകുകയാണ്.
പൊതുമരാമത്ത് വകുപ്പിനു കീഴിലും പഞ്ചായത്തുകള്‍ക്കു കീഴിലും ഉള്ള പല റോഡുകളും തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറേയായി. റോഡുകള്‍ നന്നാക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ ജനപ്രതിനിധികള്‍ കൈ കഴുകുമ്പോള്‍ നാട്ടുകാരും യാത്രക്കാരും ഉള്‍പ്പെടെയുള്ളവരുടെ ദുരിതത്തിന് ഉടനെങ്ങും അറുതിയുണ്ടാവില്ല.
സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലാത്തതിനാല്‍ ആരോടു പറഞ്ഞിട്ടും റോഡ് നന്നാക്കാന്‍ ഒരു വഴിയുമില്ലെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. റോഡുകള്‍ തകര്‍ന്നുകിടക്കുന്നതിനാല്‍ ജനങ്ങളുടെ പ്രതിഷേധം ജനപ്രതിനിധികളുടെ നേരേയാണ്. അധികൃതരോട് പലവട്ടം പരാതി പറഞ്ഞിട്ടും പരിഹാരമില്ലാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ധര്‍ണ, പ്രകടനം, വേറിട്ട പ്രതിഷേധങ്ങള്‍ എന്നിവയൊക്കെ നടത്തിയെങ്കിലും പ്രശ്നത്തിനു മാത്രം പരിഹാരമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. കടുത്തുരുത്തി-അറുനൂറ്റിമംഗലം റോഡ്, കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ്, മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ് റോഡ് എന്നിവയെല്ലാം ഏറെക്കാലങ്ങളായി തകര്‍ന്നു കിടക്കുകയാണ്.
കടുത്തുരുത്തി-പിറവം റോഡിൽ കടുത്തുരുത്തി മുതല്‍ അറുന്നൂറ്റിമംഗലം വരെയുള്ള ഭാഗം റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ടിട്ടു മാസങ്ങളായി. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളുമടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണ് കുണ്ടുംകുഴിയുമായി തകര്‍ന്നുകിടക്കുന്നത്.
മഴ പെയ്താല്‍ തോടേതെന്നോ റോഡേതെന്നോ അറിയാന്‍ കഴിയാത്ത അവസ്ഥയാണ് മിക്കയിടങ്ങളിലും. പൂര്‍ണമായി പൊളിഞ്ഞുകിടക്കുന്ന കടുത്തുരുത്തി-ആപ്പൂഴ തീരദേശ റോഡിലൂടെയുള്ള യാത്ര അപകടം മുന്നില്‍ക്കണ്ടാണ്.
പലയിടത്തും മീറ്ററുകള്‍ നീളത്തില്‍ വെള്ളക്കെട്ടാണ്. സുരക്ഷിത യാത്ര ഒരുക്കേണ്ട അധികൃതര്‍ അപകടകരമായ അവസ്ഥയിലേക്ക് റോഡുകളെ കൊണ്ടെത്തിച്ചിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ജനം പറയുന്നു.