ടെക്നോവ -2024 ശാസ്ത്ര പഠന ക്യാമ്പിന് തുടക്കം
1454207
Thursday, September 19, 2024 12:02 AM IST
ചങ്ങനാശേരി: പ്രപഞ്ചത്തെ കൂടുതല്‍ അറിയുന്തോറും ദൈവത്തെക്കുറിച്ച് വിസ്മയഭരിതരായി സംസാരിക്കുന്ന ശാസ്ത്രജ്ഞര്‍ ഉണ്ടാകുന്നത് മനുഷ്യരാശിക്ക് അനുഗ്രഹമാണെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
ശാസ്ത്രപഥം സയന്‍സ് മാസികയുടെയും സയന്‍സ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ചങ്ങനാശേരി മീഡിയ വില്ലേജില്‍ നടക്കുന്ന ശാസ്ത്ര പഠന ക്യാമ്പ് ടെക്ക്നോവ -2024 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ശാസ്ത്ര വിജ്ഞാനീയം ലോകത്തിനു നൽകുന്ന അതുല്യ സംഭാവന ഭൗതീക ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള ദ്യഢ ബന്ധത്തിന്റെ അറിവാണെന്നും ശാസ്ത്രവും ദൈവബോധവും തമ്മിലുള്ള ബന്ധം തകരുന്നത് അപകടമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രയാന്‍-3 യുടെ മുഖ്യ നേതൃനിരയിലെ അംഗവും ജിഎസ്എല്‍വി എംകെ -3 യുടെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറുമായ ഡോ. ബിജു സി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി കോര്‍പറേറ്റുകളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായാണ് ടെക്ക്നോവ സംഘടിക്കപ്പെടുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കുന്നു.
ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി കോര്‍പറേറ്റുകളുടെ മാനേജര്‍മാരായ ഫാ. മനോജ് കറുകയില്‍, ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ. ഡൊമനിക്ക് അയലുപറമ്പില്‍, ശാസ്ത്രപഥം മാസിക എക്സിക്യൂട്ടിവ് എഡിറ്റര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ക്രിസ്റ്റോ നേര്യംപറമ്പില്‍, ഫിലിപ്സണ്‍ ജെ. മേടയില്‍, കെ. ബിജിമോന്‍, ഡൊമനിക് ജോസഫ്, ഷൈരാജ് വര്‍ഗീസ്, സി.എം. ഷാജി, ജിജി ദേവസി എന്നിവര്‍ നേതൃത്വം നല്കി.