വനിതാ സ്പോർട്സ് അക്കാദമി രണ്ടാംഘട്ട പരിശീലനം
1453335
Saturday, September 14, 2024 7:01 AM IST
വൈക്കം: വനിതാ സ്പോർട്സ് അക്കാദമിയുടെ രണ്ടാംഘട്ട പരിശീലന ക്യാമ്പിന് വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കു പുറമേ ടിവി പുരം ജിഎച്ച്എസ്എസ്, വൈക്കം വെസ്റ്റ് ജിഎച്ച്എസ്എസ്, തലയോലപ്പറമ്പ് വിഎം ബിഎച്ച്എസ് തുടങ്ങിയ സ്കൂളുകളിൽനിന്നായി കോട്ടയം റവന്യു ജില്ലാ സ്കൂൾ ചാമ്പ്യൻഷിപ്പുകളിൽനിന്ന് കേരള സ്റ്റേറ്റ് സ്കൂൾ ഒളിമ്പിക്സിലേക്ക് സെലക്ഷൻ ലഭിച്ച അന്പതോളം താരങ്ങളാണ് പരിശീലനക്യാമ്പിൽ പങ്കെടുക്കുന്നത്.
പരിശീലന ക്യാമ്പ് സി.കെ. ആശ എംഎൽഎ പന്തുതട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.ശശികല, ഹെഡ്മിസ്ട്രസ് ടി.ആർ. ഓമന, കായിക പരിശീലകൻ ജോമോൻ ജേക്കബ്, വോളിബോൾ വെറ്ററൻ താരം ബാലകൃഷ്ണൻ മാധവശേരി, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.
ഒളിമ്പിക്സ് ഹോക്കി ചാമ്പ്യൻഷിപ്പ് സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങൾ കൊല്ലത്താണ് നടക്കുന്നത്. റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകൾ പാലക്കാട്ടും ഫുട്ബോൾ തിരുവനന്തപുരത്തുമാണ് നടക്കുന്നത്. ഈ മൂന്നിനങ്ങളിലാണ് കേരള സ്കൂൾ ഒളിസിക്സിൽ വനിതാ അക്കാദമി താരങ്ങൾ പങ്കെടുക്കുന്നത്.
ഒരു മാസമായി ഈ മൂന്നിനങ്ങളിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജിജിഎച്ച്എസ്എസ് വൈക്കം എന്നിവടങ്ങളിൽ നൂറോളം പെൺകുട്ടികൾ പരിശീലനം നടത്തിവരികയായിരുന്നു.
ഉപജില്ലാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വൈക്കം ജിജിഎച്ച്എസ്എസും സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് തലയോലപ്പറമ്പ് വിഎംബിഎച്ച്എസ്എസും സബ് ജൂനിയർ, ജൂനിയർ, ഹോക്കി ചാമ്പ്യൻഷിപ്പ് ടിവി പുരം ഗവൺമെന്റ് എച്ച്എസ്എസും നേടി.