വെള്ളൂര്‍ കെആര്‍എല്ലില്‍ 29 വ്യവസായ യൂണിറ്റുകള്‍ സംരംഭം തുടങ്ങാനായി താത്പര്യപത്രം സമര്‍പിച്ചു
1453045
Friday, September 13, 2024 6:38 AM IST
കടുത്തുരുത്തി: ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കാന്‍ ഇനിയും സമയമെടുക്കും. വെള്ളൂര്‍ കെആര്‍എല്ലില്‍ 29 വ്യവസായ യൂണീറ്റുകള്‍ സംരംഭം തുടങ്ങാനായി താല്പര്യപത്രം സമര്‍പിച്ചു. കെആര്‍എല്‍ ഔദ്യോഗികമായി താത്പര്യപത്രം ക്ഷണിക്കുന്നതിനു മുമ്പാണ് കേരളത്തിനകത്തും പുറത്തുമുള്ള വ്യവസായ സംരംഭകര്‍ അപേക്ഷയുമായി എത്തിയിട്ടുള്ളത്.
രണ്ട് മുതല്‍ പത്ത് വരെ ഏക്കര്‍ ഭൂമി ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ വാടകയ്ക്കു നല്‍കണമെന്നാവശ്യപ്പെട്ടാണ് സംരംഭകര്‍ കമ്പനി അധികൃതരെ സമീപിച്ചിട്ടുള്ളത്. താത്പര്യപത്രം ക്ഷണിക്കുന്ന സമയത്ത് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ഈ അപേക്ഷകരെ അറിയിക്കുമെന്ന് കെആര്‍എല്‍ അധികൃതര്‍ പറഞ്ഞു.
റബര്‍ അധിഷ്ഠിത വ്യവസായ സംരഭങ്ങളാണ് കെആര്‍എല്ലില്‍ തുടങ്ങുക. ഗ്ലൗസ്, മാറ്റ്, ബലൂണ്‍ ഉത്പന്നങ്ങള്‍, റബര്‍ അധിഷ്ഠിത ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ വ്യത്യസ്തമായ സംരംഭങ്ങളാകും ഇവിടെ ആരംഭിക്കുക. വ്യവസായ വകുപ്പിന് കീഴില്‍ പൊതുമേഖലാ സ്ഥാപനമായാണ് കെആര്‍എല്‍ പ്രവര്‍ത്തനം തുടങ്ങിയത്.
വെള്ളൂര്‍ കെപിപിഎല്‍ ഉടമസ്ഥതയിലുള്ള 164 ഏക്കറിലാണ് കേരള റബര്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുക. ഭൂമി കെആര്‍എല്‍ ഉടമസ്ഥതയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. ഒന്നര മാസത്തിനകം ഭൂമി കെആര്‍എല്‍ ഉടമസ്ഥയിലേക്ക് വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഭൂമി സ്വന്തമാകുന്നതോടെ വ്യവസായ സമുച്ചയങ്ങള്‍ തുടങ്ങാന്‍ സംരംഭകരില്‍നിന്ന് താത്പര്യപത്രം ക്ഷണിക്കും.
ആകെയുള്ള 164ല്‍ 90 ഏക്കറിലാണ് റബര്‍ അധിഷ്ഠിത വ്യവസായ സമുച്ചയം വരിക. 30 വര്‍ഷത്തേക്കാണ് ഭൂമി സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കുക. പുതിയ നയമനുസരിച്ചു വീണ്ടും 30 വര്‍ഷത്തേക്ക് കൂടി ഭൂമിയുടെ പാട്ടക്കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാനും സാധിക്കും. ഇവിടേക്കുള്ള റോഡ്, വൈദ്യുതി, വെള്ളം, ഭൂമി എന്നിവയാണ് കെആര്‍എല്‍ നല്‍കുക.
ഈ ഭൂമിയിലെ നിര്‍മാണങ്ങള്‍ അതേറ്റെടുക്കുന്ന സംരംഭകരാണ് ഒരുക്കേണ്ടത്. ബാക്കിവരുന്ന 74 ഏക്കറില്‍ ഭൂമി ഒരുക്കുന്നതും ഓഫീസും അനുബന്ധ കെട്ടിടങ്ങളും 110 കെവി സബ്സ്റ്റേഷന് എന്നിവയുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. മലിനജല ശുദ്ധീകരണ പ്ലാന്റ് പരിശീലന കേന്ദ്രം, എക്സിബിഷന് സെന്റര്‍, റബര്‍ അധിഷ്ഠിത വ്യവസായ മേഖലയുടെ ഗവേഷണ കേന്ദ്രം തുടങ്ങി പൊതുവായ സ്ഥാപനങ്ങളെല്ലാം ഇവിടെ നിര്‍മിക്കും. 2022 മെയ് ഒമ്പതിനാണ് കെആര്എല്ലിന് മന്ത്രി പി. രാജീവ് തറക്കലിട്ടത്.