ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി: മന്ത്രി വി.എൻ. വാസവൻ
1453033
Friday, September 13, 2024 6:27 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിലെയും നഗരസഭയോടു ചേർന്നുള്ള അതിരമ്പുഴ, കാണക്കാരി പഞ്ചായത്തുകളിലെ സമീപ വാർഡുകളിലെയും എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നൽകിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
കിഫ്ബി മുഖേന 93.22 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. രണ്ടാംഘട്ടമായി 73.38 കോടി രൂപയുടെ നിർമാണ പ്രവർത്തികൾക്കാണ് മന്ത്രിസഭ അനുമതി നൽകിയത്. ഇതോടെ ദീർഘകാലമായി സാങ്കേതികപ്രശ്നങ്ങളിൽ കുരുങ്ങിയ പദ്ധതി പ്രവർത്തനങ്ങൾക്ക് പരിഹാരമാകുകയാണ്.
22 എംഎൽഡി ശേഷിയുള്ള ജലശുദ്ധീകരണ ശാലയും നേതാജി നഗറിൽ 16 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണിയും 20 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണിയുമാണ് നിർമിക്കുന്നത്. കച്ചേരിക്കുന്ന്, കട്ടച്ചിറ എന്നിവിടങ്ങളിൽ ടാങ്ക് നിർമിക്കും. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒന്നാംഘട്ടത്തിൽ ശുദ്ധജല വിതരണത്തിനുള്ള പൈപ്പിടൽ പ്രവ ൃത്തികൾ പുരോഗമിച്ചു വരുന്നു. തുടർന്നുള്ള പ്രവൃത്തികൾക്കാണ് കിഫ്ബി 73.38 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
പ്ലാന്റ് നിർമാണം ഉൾപ്പെടെ പവർ എൻഹാൻസ്മെന്റ്, ഇലക്ട്രിക്കൽ മെക്കാനിക്കൽ പ്രവൃത്തികൾ, റോഡ് പുനഃസ്ഥാപിക്കൽ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് സർക്കാർ പണം അനുവദിച്ചത്.
ശുദ്ധീകരണശാലയിൽനിന്ന് ടാങ്കുകളിലേക്ക് 13 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് വെള്ളം എത്തിക്കുന്നത്. ടാങ്കുകളിൽനിന്ന് 43 കിലോമീറ്റർ നീളത്തിലാണ് വിതരണ ശൃംഖല. പദ്ധതി പൂർത്തിയാകുന്നതോടെ അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ എന്നീ പഞ്ചായത്തുകളിൽ കൂടുതൽ കാര്യക്ഷമമായി ശുദ്ധജല വിതരണം നടത്താൻ സാധിക്കും.
വാർത്താസമ്മേളനത്തിൽ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ കെ. ജോസ് രാജൻ, നഗരസഭാംഗം ഇ.എസ്. ബിജു, ഡിസിഎച്ച് വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.