നാടും നഗരവും ഓണത്തിരക്കിലേക്ക്
1452540
Wednesday, September 11, 2024 7:16 AM IST
ചങ്ങനാശേരി: മലയാളക്കരയുടെ ദേശീയോത്സവമായ തിരുവോണത്തിന് ദിവസങ്ങള്‍ അടുത്തതോടെ നാടും നഗരവും തിരക്കിലേക്ക്. സ്കൂളുകളിലും കോളജുകളിലും വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്.
തമിഴ്നാട്ടില്‍നിന്നു വരുന്ന പൂക്കള്‍ക്ക് വിലകുതിച്ചത് പൂക്കളമൊരുക്കുന്നവരെ പ്രയാസപ്പെടുത്തുന്നുണ്ടെങ്കിലും വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സജ്ജമായ ജമന്തിപ്പൂന്തോട്ടങ്ങള് ആശ്വാസമായിട്ടുണ്ട്. കലാലയങ്ങളിലും റസിഡന്റ്സ് അസോസിയേഷനുകളിലും പൂക്കളവും ഓണസദ്യയും പായസവിതരണവും നടത്തുന്നതിനുള്ള തിരക്കിലാണ്. വായനശാലകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.
വസ്ത്രശാലകളില്‍ ഓണക്കോടി വാങ്ങാനുള്ള തിരക്കും അനുഭവപ്പെടുന്നുണ്ട്. ഓണവിപണി പ്രതീക്ഷിച്ച് ഉപ്പേരിയും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടുന്ന ഓണവിഭവങ്ങള്‍ വിവിധ സ്ഥാപനങ്ങളില്‍ തയാറായി വരുന്നു. ഓണക്കാലത്ത് നിയന്ത്രിത വിലയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷ്യവകുപ്പ് സപ്ലൈകോ മാര്‍ക്കറ്റുകള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
നഗരത്തിലെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ക്ക് നഗരസഭയും ഗതാഗതതടസം പരിഹരിക്കാന്‍ പോലീസും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കാലവര്‍ഷം ഓണ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കുമോ എന്ന ആശങ്കയമുണ്ട്.