ഓണക്കാല പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
1452317
Wednesday, September 11, 2024 12:07 AM IST
കോട്ടയം: ജില്ലയില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് മൂന്ന് സ്പെഷല്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന കര്‍ശനമാക്കി. 13 വരെയാണ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുക.
മാര്‍ക്കറ്റുകള്‍, ഭക്ഷണശാലകള്‍, വഴിയോര ഭക്ഷണശാലകള്‍, ബോര്‍മകള്‍, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ചിപ്സ് നിര്‍മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുന്നതുമാണ്.
എണ്ണകള്‍, നെയ്യ്, പാല് - പാലുത്പന്നങ്ങള്‍, പായസ മിശ്രിതം, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, വിവിധതരം ചിപ്സ്, പച്ചക്കറികള്‍, ശര്‍ക്കര തുടങ്ങിയവയ്ക്കു പ്രാധാന്യം നല്കി വിവിധ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കും. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ അടച്ചുപൂട്ടല്‍, പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ടോ ലൈസന്‍സ്/രജിസ്ട്രേഷന്/ടോള്‍ ഫ്രീ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും പാഴ്സലില്‍ ലേബല്‍ പതിപ്പിക്കുന്നുണ്ടോ എന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അസി. കമ്മീഷണര്‍ സി.ആര്. രണ്‍ദീപ് അറിയിച്ചു.