രണ്ടായിരത്തിലേറെ മേരിമാർ മുത്തിയമ്മയ്ക്കരികിലെത്തി; ചരിത്രമെഴുതി നാമധാരികളുടെ സംഗമം
1451757
Sunday, September 8, 2024 11:50 PM IST
കുറവിലങ്ങാട്: പേരിന്റെ പേരിൽ നടന്ന സംഗമം ചരിത്രത്തിൽ ഇടം നേടുന്നു. ഈ ചരിത്രസംഗമം രണ്ടു പതിറ്റാണ്ടോടടുക്കുന്നുവെന്നതും വേറിട്ട ചരിത്രമായി മാറി. ദൈവമാതാവിന്റെ ജനനത്തിരുനാളിൽ ദൈവജനനിയുടെ പേരുകാരായവർ കുറവിലങ്ങാട് മുത്തിയമ്മയ്ക്കരികിൽ സംഗമിച്ചാണ് പുതിയ ചരിത്രമെഴുതുന്നത്.
ഇക്കുറി രണ്ടായിരത്തിലേറെ മേരിമാരാണ് മുത്തിയമ്മയ്ക്കരികിൽ അമ്മയുടെ പിറന്നാൾ മധുരം പങ്കിടാനെത്തിയത്.
മേരി, മറിയം, അമല, വിമല, നിർമല, മരിയ എന്നിങ്ങനെ ദൈവമാതാവിന്റെ പേരു സ്വീകരിച്ച രണ്ടായിരത്തിലേറെപ്പേരാണ് ദൈവമാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിലും മേരിനാമധാരീ സംഗമത്തിലും പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങിയത്. സംഗമത്തിനെത്തിയവരെല്ലാം 21 കള്ളപ്പംവീതം മുത്തിയമ്മയുടെ സവിധത്തിൽ നേർച്ചയായി സമർപ്പിച്ചു. ഈ കള്ളപ്പം നോമ്പുവീടൽ സദ്യയിൽ വിളമ്പിനൽകി. എകെസിസി യൂണിറ്റാണ് നോമ്പുവീടൽ സദ്യ ഒരുക്കിയത്.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. ഓരോ സഭാംഗവും സഭയുടെ പരിശുദ്ധ പാരമ്പര്യങ്ങളുടെ അപ്പസ്തോലന്മാരാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ തിരുക്കർമങ്ങളിൽ സഹകാർമികരായി. സംഗമത്തിനെത്തിയ മുഴുവൻ മേരിമാർക്കും കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം സമ്മാനിച്ചു.