റാന്നിയില്‍ തിരുവനന്തപുരം സ്വദേശി മുങ്ങിമരിച്ചു
1599210
Sunday, October 12, 2025 11:40 PM IST
അച്ചന്‍കോവിലാറ്റില്‍ നിന്നു രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു
പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ ചാടിയതായി സംശയിക്കുന്ന രണ്ടു പേരുടെയും റാന്നിയില്‍ മുങ്ങിമരിച്ചയാളിന്റെയും മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്സ് സ്കൂബാ ടീം കണ്ടെടുത്തു.
കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നു കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അച്ചന്‍കോവിലാറ്റില്‍ ചാടി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
ചന്ദനപ്പള്ളി നല്ലാനിക്കുന്ന് സന്തോഷ് - അജയശ്രീ ദമ്പതികളുടെ മകള്‍ എസ്. സന്ധ്യ (17) യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ കൈപ്പട്ടൂരില്‍ അച്ചന്‍കോവിലാറ്റില്‍ കണ്ടെത്തിയത്.
മൈലപ്രയിലെ സ്വകാര്യ ഐടിഐ യില്‍ ഡീസല്‍ മെക്കാനിക് കോഴ്സ് വിദ്യാര്‍ഥിനിയായിരുന്നു. ബുധനാഴ്ച വൈകുന്നേരം പെണ്‍കുട്ടി പാലത്തില്‍ നിന്നു ചാടിയതായി വിവരം ലഭിച്ചതിനേ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും അഗ്നി രക്ഷാ സേന സ്കൂബാ ടീം തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ സ്കൂബ ടീം നടത്തിയ തെരച്ചിലില്‍ കൈപ്പട്ടൂര്‍ ആറാട്ട് കടവിന് ഒരു കിലോമീറ്റര്‍ അകലെ മുളങ്കൂട്ടത്തില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പരിശോധനയ്ക്കായി ഇന്നലെ എന്‍ഡിആര്‍എഫ് സംഘത്തെയും സ്ഥലത്തെത്തിച്ചിരുന്നുവെങ്കിലും അവര്‍ ശ്രമം തുടങ്ങുന്നതിനു മുമ്പേ മൃതദേഹം കണ്ടെത്തി.
റാന്നി: പമ്പാനദിയില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശി മുങ്ങിമരിച്ചു. തിരുവനന്തപുരം വലിയതുറ മുട്ടത്തറ വള്ളക്കടവ് അനിതാ ഭവനില്‍ ഷൈനു (45) വാണ് മുങ്ങിമരിച്ചത്.
ഇന്നലെ രാവിലെ 8.45ന് റാന്നി രാമപുരം ഭജനമഠം കടവില്‍ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഷൈനു ഒഴുക്കില്‍പെടുകയായിരുന്നുവെന്ന് പറയുന്നു.
പത്തനംതിട്ടയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സ്കൂബാ ടീം ഉച്ചയോടെ കുളിക്കടവിനു സമീപത്തു നിന്ന് മൃതദേഹം കണ്ടെടുത്തു.
മിന്നല്‍ രക്ഷാകവചത്തിന്റെ ജോലി നടത്തിവരികയായിരുന്നു ഷൈനു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിൽ.
കൊടുന്തറയില്‍ മരിച്ചത്
കരിമാന്‍തോട് സ്വദേശി
പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കൊടുന്തറ ഭാഗത്ത് ശനിയാഴ്ച രാത്രി ചാടിയതായി കരുതുന്ന യുവാവിന്റെ മൃതദേഹം ഫയര്‍ഫോഴ്സ് സ്കൂബ ടീം നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. കൊടുന്തറ പടിഞ്ഞാറേ പഴന്തറ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കരിമാന്‍തോട് സ്വദേശി പ്രസാദ് - കലാകുമാരി ദമ്പതികളുടെ മകനായ നന്ദു പ്രസാദി (25)ന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ താഴൂര്‍ക്കടവ് ഭാഗത്തു നിന്ന് കണ്ടെടുത്തത് .
കുടുംബ വഴക്കിനേ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് അച്ചന്‍കോവിലാറ്റില്‍ കൊടുന്തറ ഭാഗത്ത് നന്ദു ചാടിയതെന്ന് പറയുന്നു. ഭാര്യ നല്കിയ പരാതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരോധാനത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാത്രിയില്‍ ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ബലിക്കടവില്‍ നന്ദുവിന്റെ കുട, ചെരുപ്പ് എന്നിവ കണ്ടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ താഴൂര്‍ക്കടവ് ഭാഗത്ത് നിന്ന് മുകളിലേക്ക് ഫയര്‍ഫോഴ്സ് സ്കൂബ നടത്തിയതെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തത്. പത്തനംതിട്ട പോലീസ് മേല്‍നടപടി സ്വീകരിച്ചു.
ഫയര്‍ഫോഴ്സിനു പിടപ്പതു പണി
മൂന്നിടങ്ങളിലായി തിരക്കിട്ട ജോലികളാണ് ഇന്നലെ പത്തനംതിട്ട ഫയര്‍ഫോഴ്സ് സ്കൂബാ ടീമിനു നിര്‍വഹിക്കാനുണ്ടായിരുന്നത്. കൈപ്പട്ടൂരില്‍ ബുധനാഴ്ച കാണാതായ പെണ്‍കുട്ടിക്കുവേണ്ടി മൂന്നുദിവസം തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടാകാതെ വന്നപ്പോള്‍ എന്‍ഡിആര്‍എഫ് സംഘത്തെയും പുറമേ നിന്നുള്ള മുങ്ങല്‍ വിദഗ്ധരെയും കൊണ്ടുവന്നെങ്കിലും ഫയര്‍ഫോഴ്സ് സംഘമാണ് കുടുങ്ങിക്കിടന്ന നിലയില്‍ മൃതദേഹം കണ്ടെടുത്തത്.
പിന്നാലെ താഴൂര്‍ക്കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹവും റാന്നിയില്‍ മുങ്ങിമരിച്ചയാളിന്റെ മൃതദേഹവും കണ്ടെടുത്തു. പ്രത്യേക പരിശീലനം നേടിയവരെ കൂടി ഉള്‍പ്പെടുത്തിയാണ് പത്തനംതിട്ടയിലെ സ്കൂബാ ടീം പ്രവര്‍ത്തിക്കുന്നത്. നദിയില്‍ ജലനിരപ്പ് കുറവാണെങ്കിലും അപകട സാധ്യത ഏറെയാണ്. കടവുകള്‍ ചെളി നിറഞ്ഞു കിടക്കുന്നതിനാല്‍ വെള്ളത്തിലേക്ക് അകപ്പെട്ടാല്‍ താഴ്ന്നു പോകാനാണ് സാധ്യത.
കുറ്റിക്കാടുകളിലും മറ്റും കുടുങ്ങിയാല്‍ രക്ഷപ്പെടുത്തല്‍ ആയാസകരമാണ്. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എ. സാബു, ഫയര്‍ ഓഫീസര്‍മാരായ കെ. പ്രേംകുമാർ, സുജിത് നായര്‍, ഹരിക്കുട്ടന്, അജിലേഷ്, എസ്. അസിം, ഗാര്‍ഡ് ആർ. രാജേഷ് എന്നിവരുടെ നേതൃത്തിലാണ് ഇന്നലെ സ്കൂബാ ടീം പ്രവര്‍ത്തിച്ചത്.