കിഴക്കിന്റെ വെനീസിന് നിറച്ചാർത്തായി മെഗാ ഡ്രോയിംഗ് ആൻഡ് കളറിംഗ് മത്സരം
1598962
Saturday, October 11, 2025 11:10 PM IST
ആലപ്പുഴ: ചേർത്തല കെഇ കാർമൽ സിഎംഐ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് മെഗാ ഡ്രോയിംഗ് ആൻഡ് കളറിംഗ് മത്സരം കിഴക്കിന്റെ വെനീസിന് നിറച്ചാർത്തായി. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ ആയിരത്തോളം കുരുന്നുകൾ മാറ്റുരച്ചു. മേലുവള്ളി, ശക്തി, റോയൽ എന്നീ ഓഡിറ്റോറിയങ്ങളാണ് മത്സരത്തിന് വേദിയായത്.
ആലപ്പുഴ എംഎൽഎ പി.പി. ചിത്തരഞ്ജനും മുൻസിപ്പൽ ചെയർപേഴ്സൻ കെ.കെ. ജയമ്മയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. വർണവിസ്മയം തീർത്ത ഈ കലാവിരുന്നിൽ കേരളത്തിലെതന്നെ മികച്ച സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്.
നാടിന് അഭിമാനവും മാതൃകയുമായി മാറിക്കൊണ്ടിരിക്കുന്ന ചേർത്തല കെഇ കാർമൽ സിഎംഐ സ്കൂൾ പഠനമികവുകൾക്കൊപ്പം കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് പ്രശംസനീയമാണെന്ന് പി.പി. ചിത്തരഞ്ജൻ പറഞ്ഞു. ഇത്തരം ഉദ്യമങ്ങൾക്കു നേതൃത്വം നൽകുന്ന സ്കൂളിനെയും മാനേജ്മെന്റിനെയും എംഎൽഎ അഭിനന്ദിച്ചു.
വിദ്യാർഥികളുടെ സർഗാത്മക ചിന്തകൾ പ്രകടിപ്പിക്കാനും വരയിലൂടെ അവരുടെ ആശയങ്ങൾ ജീവസുറ്റതാക്കാനും മത്സരം ഒരു മികച്ച അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയ്ക്ക് അവസരങ്ങൾ ഒരുക്കുന്നതിലൂടെ നന്മയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് സ്കൂൾ ലക്ഷ്യമിടുന്നതെന്നും സ്കൂൾ പ്രിൻസിപ്പൽ ഡോ. സാംജി വടക്കേടം സിഎംഐ അഭിപ്രായപ്പെട്ടു.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. മത്സരഫലം 31ന് സ്കൂൾ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും 15 കുട്ടികൾക്ക് പ്രത്യേക പാരിതോഷികമായി 500 രൂപയും നൽകും. വിജയി കൾക്കുള്ള സമ്മാനദാനച്ചടങ്ങ് ഡിസംബർ അഞ്ചിന് സംഘടിപ്പിക്കും.