ലോകോത്തര വിദ്യാഭ്യാസം നൽകുക ലക്ഷ്യം: മന്ത്രി ശിവൻകുട്ടി
1598961
Saturday, October 11, 2025 11:10 PM IST
പൂച്ചാക്കൽ: വിദ്യാർഥികൾക്കു ലോകോത്തര വിദ്യാഭ്യാസം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അരൂർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സർക്കാർ ഫണ്ടും വിനിയോഗിച്ചു നടത്തിയ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള വികസനോത്സവത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അരൂരിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ സ്കൂൾ കെട്ടിടങ്ങൾ ഇതിന്റെ തെളിവാണ്. 56 ലക്ഷം രൂപ ചെലവഴിച്ച തളിയാപറമ്പ് ഗവൺമെന്റ് എൽപി സ്കൂളിന്റെ പുതിയ കെട്ടിടം മികച്ച പഠനാന്തരീക്ഷം ഒരുക്കും. 40 ലക്ഷത്തിന്റെ രണ്ടാം കെട്ടിട നിർമാണവും പുരോഗമിക്കുന്നു. ജിഎച്ച്എസ്എസ് തേവർവട്ടം, ഓടമ്പള്ളി ഗവൺമെന്റ് യുപി സ്കൂളിലും പുതിയ കെട്ടിടങ്ങൾ വരുന്നു.
ക്ലാസ് മുറികൾ ഹൈടെക് ആവുക മാത്രമല്ല അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങളും ലാബുകളും ലൈബ്രറികളും കളിസ്ഥലങ്ങളും ഒരുക്കി കുട്ടികൾക്കു ലോകോത്തര വിദ്യാഭ്യാസം നൽകുക എന്നതാണ് ലക്ഷ്യം. തളിയാപറമ്പ് ഗവ.എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷയായി. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത മുഖ്യപ്രഭാഷണം നടത്തി.
പാണാവള്ളി പഞ്ചായത്ത് രാഗിണി രമണൻ, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ബി. ഷിബു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.ഇ. കുഞ്ഞുമോൻ, അംബിക ശശിധരൻ, തൈക്കാട്ടുശേരി ബ്ലോക്ക് അംഗം പി.എം. പ്രമോദ്, സ്ഥിരംസമിതി അധ്യക്ഷയായ രാജി മോൾ, തൈക്കാട്ടുശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡി. വിശ്വംഭരൻ, ഹാർബർ എൻജിയറിംഗ് എക്സിക്യൂട്ടീവ് എൻജിനിയർ എം.പി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.