വേനൽച്ചൂട് കടുക്കുന്നു; കുടിവെള്ളമില്ലാതെ നൂറനാട്
1508606
Sunday, January 26, 2025 6:50 AM IST
ചാരുംമൂട്: വേനൽച്ചൂടിന്റെ കാഠിന്യം ഏറിയതോടെ നൂറനാട് പാറ്റൂർ കുടിവെള്ള പദ്ധതിയുടെ പരിധിയിൽ വരുന്ന നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമായി. പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കേണ്ട ഇടപ്പോൺ അച്ചൻകോവിലാറ്റിലുള്ള പമ്പ് ഹൗസിന്റെ കിണറ്റിൽ പമ്പിംഗിനുവേണ്ട വെള്ളമില്ലാത്തതാണ് കാരണം.
നാലു പഞ്ചായത്തുകളിലായുള്ള അഞ്ചു ജലസംഭരണികളിലേക്കാണ് വെള്ളം പമ്പ് ചെയ്യുന്നത്. ദിവസം 24 മണിക്കൂർ മോട്ടോറുകൾ പ്രവർത്തിപ്പിക്കേണ്ട സ്ഥാനത്ത് പത്തുമണിക്കൂർ പോലും പമ്പുചെയ്യുന്നതിനുള്ള വെള്ളമില്ലാത്ത സ്ഥിതിയാണ്. ഇതോടൊപ്പം മോട്ടോറുകളുടെ കാലപ്പഴക്കം കാരണം ജലശുദ്ധീകരണ പ്ലാന്റിലേക്കുള്ള വെള്ളത്തിന്റെ തള്ളൽ കുറയുന്നു. കിണറ്റിലെ ചെളിയും മാലിന്യവും വൃത്തിയാക്കാത്തതും പ്രശ്നമാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി മുടക്കവും പമ്പിംഗ് തടസപ്പെടുത്തുകയാണ്.
ജൽജീവൻ മിഷൻ
പുതിയ കിണറിനും പമ്പ് ഹൗസിനും മോട്ടോറിനും അനുബന്ധകാര്യങ്ങൾക്കുമായി നാലരക്കോടി രൂപ അനുവദിച്ചെങ്കിലും പണി അനിശ്ചിതത്വത്തിലാണ്. ഒട്ടേറെത്തവണ പണി ടെൻഡർ ചെയ്തെങ്കിലും ആദ്യം കരാറെടുക്കാൻ ആളില്ലായിരുന്നു. രണ്ടുമാസം മുമ്പ് മഹാരാഷ്ട്ര ആസ്ഥാനമായ കമ്പനി കരാറെടുത്തെങ്കിലും ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം തുടർപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നാണ് ആക്ഷേപം.
2024 ഡിസംബറിനുള്ളിൽ പണി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കിണറിനും പമ്പ് ഹൗസിനുമായി 15 സെന്റ് സ്ഥലം പഞ്ചായത്ത് വിട്ടുനൽകിയിട്ടുണ്ട്.
നാലു പഞ്ചായത്തുകളിലും ഉയർന്ന പ്രദേശങ്ങളിൽ പൈപ്പുവെള്ളം കിട്ടുന്നില്ല. ഈ ഭാഗങ്ങളിലെ കിണറുകൾ വറ്റിത്തുടങ്ങി. കെഐപി കനാലും തുറന്നിട്ടില്ല. ജൽജീവൻ മിഷൻ പദ്ധതിയിൽ പരിധിയിലേറെ ഗാർഹിക കണക്ഷനുകൾ നൽകിയതിനെത്തുടർന്ന് വെള്ളത്തിന്റെ ഉപയോഗം കൂടിയതും ക്ഷാമത്തിനൊരു കാരണമാണ്.
ജലസംഭരണി
ജൽജീവൻമിഷൻ പദ്ധതിയിൽ നൽകിയ 30,000 പുതിയ കണക്ഷനുകളുൾപ്പെടെ 50,000- ത്തോളം ഗാർഹിക കണക്ഷനുകളാണ് നാലു പഞ്ചായത്തുകളിലായുള്ളത്.
നൂറനാട് ഇടപ്പോൺ അച്ചൻ കോവിലാറ്റിലെ പമ്പ് ഹൗസിൽ 185 കുതിരശക്തിയുള്ള രണ്ടു മോട്ടോറുകളാണുള്ളത്. 40 വർഷത്തിലേറെ പഴക്കമുണ്ട് പമ്പ് ഹൗസിനും കിണറിനും. പാറ്റൂരിലാണ് ആദ്യത്തെ ജലസംഭരണിയും ജലശുദ്ധീകരണ പ്ലാന്റുമുള്ളത്.
ഇവിടെ 2.25 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണുള്ളത്. ആറുലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ജലസംഭരണി ഇതിനോടുചേർന്നു പണിതിട്ടുണ്ട്. എന്നാൽ, വെള്ളം പമ്പു ചെയ്യുന്നതിനുള്ള മോട്ടോർ സ്ഥാപിച്ചിട്ടില്ല. ഇതുകൂടാതെ, 4.50 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി നൂറനാട് തത്തംമുന്നയിലും 8.25 ലക്ഷം ലിറ്റർ ശേഷിയുള്ള ജല സംഭരണി പാലമേൽ മറ്റപ്പള്ളിയിലും 4.25 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി താമരക്കുളം പച്ചക്കാട്ടുമുണ്ട്. ഈ ജലസംഭരണികളിലേക്കെല്ലാം ഇടപ്പോണിലെ പമ്പ് ഹൗസിൽനിന്നാണ് വെള്ളം പമ്പുചെയ്യുന്നത്. ഇടപ്പോണിൽ പുതിയ കിണറും പമ്പ് ഹൗസും പ്രവർത്തനക്ഷമമായെങ്കിൽ മാത്രമേ കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരമാകുകയുള്ളൂ.