കല്‍ക്കുളത്താല്‍ പാലത്തിന് ശാപമോക്ഷം
1508119
Friday, January 24, 2025 11:37 PM IST
മാവേലിക്കര: കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായിരുന്ന കല്‍ക്കുളത്താല്‍ പാലത്തിന് ശാപമോക്ഷം. പാലം പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പാലം പൊളിച്ച് തുടങ്ങി. 2021ലെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പണം അനുവദിച്ചാണ് പാലം പുനര്‍നിര്‍മിക്കുന്നത്.
ബജറ്റില്‍ പണം അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം വൈകുകയായിരുന്നു. തുടര്‍ന്ന് എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ഇടപെട്ട് കഴിഞ്ഞ ജൂലൈയില്‍ സാങ്കേതിക അനുമതി വാങ്ങുകയും ടെന്‍ഡര്‍ ചെയ്തു കരാറുകാരനെ ഏല്പിക്കുകയായിരുന്നു. 4.52 കോടി രൂപ ചെലവഴിച്ചാണ് പാലം പുനര്‍നിര്‍മിക്കുന്നത്. 20 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ വീതിയിലാണ് പാലം പണിയുന്നത്.
7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയും ഉണ്ടാവും. പുതിയ പാലത്തിനു നിലവിലുള്ള പാലത്തേക്കാള്‍ രണ്ടു മീറ്റര്‍ ഉയരം കൂടുതലുണ്ടാകും. നിലവിലുള്ള പാലം പൊളിച്ച ശേഷം കാല്‍നടയാത്രക്കാര്‍ക്കായി താല്‍ക്കാലിക നടപ്പാലം പണിയും. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിനാണ് നിര്‍മാണ ചുമതല.
ഓച്ചിറ താമരക്കുളം റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മിച്ചെങ്കിലും ഇടുങ്ങിയ പാലം അതു പോലെ നിലനില്‍ക്കുകയായിരുന്നു. ഒരേ സമയം കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വീതിയാണ് ടിഎ കനാലിനു കുറുകെയുള്ള 65 വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിന് ഉണ്ടായിരുന്നത്.
ഗതാഗതം
നിരോധിച്ചു
പാലം പൊളിച്ചു പണിയുന്നതു മൂലം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചൂനാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ റബ്ബര്മുക്കില് നിന്നു തിരിഞ്ഞു പള്ളിവിള ജംക്ഷന് വഴിയും താമരക്കുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പള്ളിവിള ജംക്ഷന് വഴിയും പോകണം.