റോഡ് പൊളിച്ചിട്ട് രണ്ടുവർഷം; റോഡ് ഉപരോധിച്ചു സ്ത്രീകൾ
1508133
Friday, January 24, 2025 11:37 PM IST
ഹരിപ്പാട്: നിർമാണത്തിനായി റോഡ് പൊളിച്ചിട്ട് രണ്ടു വർഷം. പ്രതിഷേധവുമായി സ്ത്രീകൾ റോഡ് ഉപരോധിച്ചു. കുമാരപുരം, കാർത്തികപ്പള്ളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാരകത്തറ വലിയകുളങ്ങര റോഡിൽ പാതിരംകുളങ്ങര ക്ഷേത്ര ത്തിനു സമീപം ഇന്നലെ രാവിലെ 8.30 മുതൽ ആരംഭിച്ച ഉപരോധസമരം 11.30നാണ് അവസാനിച്ചത്.
നാലു കിലോമീറ്റർ ദൂരമുള്ള റോഡിൽക്കൂടി ദിനംപ്രതി സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് സഞ്ചരിച്ചുകൊണ്ടിരുന്നത്. നിരവധി സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള റോഡാണിത്. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം രണ്ടു കോടി രൂപ അടങ്കൽ തുക വകയിരുത്തിയിട്ടുള്ള റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ 2022ലാണ് ആരംഭിച്ചത്.
നിർമാണപ്രവർത്തനത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് പൊളിച്ചിടുക മാത്രമാണ് ഉണ്ടായത്. രൂക്ഷമായ പൊടിശല്യം കാരണം പ്രദേശവാസികൾക്ക് വളരെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായും അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് വാഹനം പോലും കിട്ടാത്തസാഹചര്യവുമാണ് നിലവിലുള്ളത്.
കഴിഞ്ഞാഴ്ച അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാതെ മരണപ്പെട്ട സാഹചര്യം ഉണ്ടായതായും പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഒ. സൂസി സമരക്കാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റോഡിന്റെ ശോച്യാവസ്ഥ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാം എന്നുള്ള ഉറപ്പ് പാലിക്കണമെന്നും അത് ഉണ്ടായില്ലെങ്കിൽ പൂർണമായും റോഡ് ഉപരോധിച്ചു ശക്തമായ പ്രതിഷേധത്തിലേക്കു പോകുമെന്നും സമരക്കാർ പറഞ്ഞു.
ഹരിപ്പാട് അഗ്നിശമന സേനാ വിഭാഗം പ്രവർത്തിക്കുന്നതും കുമാരപുരത്ത് അനന്തപുരം ഭാഗത്ത് ഈ റോഡിനോട് ചേർന്ന് തന്നെയാണ്. അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുമ്പോൾ അഗ്നിശമനസേനാ വിഭാഗത്തിന്റെ വാഹനം ദേശീയപാതയിൽ എത്തിച്ചേരണമെങ്കിൽ വളരെ സമയമെടുക്കുന്ന സാഹചര്യമാണ്.