തേക്കിൻചീളുകളിൽ തെളിയുന്ന മദർ തെരേസയും ബുദ്ധനും
1508605
Sunday, January 26, 2025 6:50 AM IST
ചെങ്ങന്നൂർ: പതിനൊന്നാമത് ദേശീയ സരസ് മേളയിൽ വ്യത്യസ്തമായ കാഴ്ചയുടെ മാസ്മരിക വിരുന്നൊരുക്കുകയാണ് തേക്ക് മരച്ചീളുകളിൽ അദ്ഭുതം കോറിയിട്ട് കാസർഗോഡ് കാലിക്കടവ് ഏച്ചിക്കൊവ്വിൽ നീലേശ്വരം ബ്ലോക്കിൽ പീലിക്കോട് സിഡിഎസിലെ സംരംഭകരായ ലതിയും ഭർത്താവ് രാജേഷും.
ബുദ്ധനും മഹാത്മ ഗാന്ധിയും മദർ തെരേസയും ചെഗുവേരയും തുടങ്ങി അമ്മയുംകുഞ്ഞും കൂട്ടുകാരും പ്രണയവും ആരാധനാപാത്രങ്ങളുമടക്കം കണ്ണിന് കാഴ്ചയും കുളിർമയും ഒപ്പം ആകാംക്ഷയും ജനിപ്പിക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. രാജേഷ് ഫാർമ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ ജീവനക്കാരനാണ്.
ഒഴിവുസമയങ്ങളിൽ ഹോബിയായി തുടങ്ങിയ രാജേഷിന്റെ കലാവിരുതിനൊപ്പം ചിത്രകലയോട് കമ്പമുള്ള ലതിയും കൂടുകയായിരുന്നു. ആദ്യം ഉപയോഗശൂന്യമായ വൈക്കോലിലാണ് ചിത്രങ്ങളൊരുക്കിയത്. ഏഴു വർഷമായി സംരംഭം തുടങ്ങിയിട്ട്.
വിദ്യാർഥികൾക്ക് ചിത്രങ്ങൾ വൈക്കോലിൽ വരച്ചുനൽകിയതാണ് വഴിത്തിരിവായത്. തുടർന്നാണ് തേക്ക് മരച്ചീളുകളിൽ ചിത്രംവര തുടങ്ങിയത്. ഉണങ്ങിയ വൈക്കോൽ ഇസ്തിരിയിട്ട് ഒട്ടിച്ച ചിത്രങ്ങൾ, മഴപ്പാറ്റയുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ ഗാന്ധിജി, ഉപയോഗശൂന്യമായ പ്ലൈവുഡിൽ തീർത്ത വാൽക്കണ്ണാടി, ദിനോസറുകൾ എന്നിവയെല്ലാം ലതിയുടെയും ഭർത്താവ് രാജേഷിന്റെയും കരവിരുതിന്റെ ഉദാഹരണങ്ങളാണ്.
മരമില്ലിൽനിന്ന് വാങ്ങുന്ന തേക്ക് മരച്ചീളുകൾ അഞ്ചു മില്ലിമീറ്റർ കനത്തിൽ മുറിച്ചെടുക്കുകയാണ് ആദ്യപണി. ആവശ്യമായ ചിത്രങ്ങളുടെ ഡിസൈൻ മരത്തിൽ വരച്ചെടുക്കും. പിന്നെ നേർത്ത ബ്ലേഡ് കൊണ്ട് രൂപങ്ങൾക്കനുസരിച്ച് മരച്ചീളുകൾ മുറിച്ചെടുക്കും. തുടർന്ന് ചിത്രം ഒരിക്കലും കേടുവരാതിരിക്കാനുള്ള രാസപരിപാലനം.
രാസലായനി ചേർത്ത വെള്ളത്തിലിട്ട് ഇവ പുഴുങ്ങിയെടുക്കും. പിന്നീട് ഇതിനെ തണലിൽ വച്ച് ഉണക്കിയെടുക്കുന്നു. നല്ലതുപോലെ ഉണങ്ങിയശേഷം സാൻഡ് പേപ്പറിട്ട് മിനുസപ്പെടുത്തും. പിന്നെ പോളിഷിംഗ്. ഇതിനുശേഷം ഹൈലത്തിൽ അല്ലെങ്കിൽ ഷീറ്റുകളിലോ കാൻവാസിലോ ഒട്ടിച്ചെടുക്കും. പിന്നെയാണ് ഫ്രെയിം ചെയ്യുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഇവരുടെ ചിത്രങ്ങൾ വ്യവസായവകുപ്പിന്റെ സ്റ്റാളുകളിൽ പ്രദർശിപ്പിക്കാറുണ്ട്. കണ്ണൂരിൽ നടന്ന ദേശീയ സരസ്മേളയിലും കാസർകോടിനെ പ്രതിനിധീകരിച്ച് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ലതിയുടെ മക്കളും ചിത്രവരയിൽ സജീവമാണ്. നാലുദിവസം വേണ്ടി വരും ഓരോ ചിത്രവും പൂർത്തിയാക്കാൻ. 500 മുതൽ 5000 രൂപവരെയുള്ള ചിത്രങ്ങളാണ് ഇവിടെയുള്ളത്.