സിബിഎസ്ഇ ജില്ലാ കലോത്സവം പുന്നപ്ര സെന്റ് അലോഷ്യസിൽ
1461501
Wednesday, October 16, 2024 6:02 AM IST
അമ്പലപ്പുഴ: ആലപ്പുഴ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവം 18, 19, 23, 24,25 തീയതികളിലായി പുന്നപ്ര സെന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ആലപ്പുഴ സഹോദയ പ്രസിഡന്റ് ഡോ. നൗഷാദ് എ, ജനറൽ കൺവീനർ സിസ്റ്റർ മിനി ചാക്കോ, സെന്റ് അലോഷ്യസ് സ്കൂൾ മാനേജർ സിസ്റ്റർ ഏലമ്മ, സഹോദയ സെക്രട്ടറി ആഷാ യതീഷ്, ട്രഷറർ ഡയാന ജേക്കബ്, സഹോദയാ വൈസ് പ്രസിഡന്റ് സെൻ കല്ലുപുരയ്ക്കൽ, സന്ധ്യാവ് എന്നിവർ അറിയിച്ചു.
ജില്ലയിൽനിന്നുള്ള എഴുപതോളം സിബിഎസ്ഇ സ്കൂളുകളിലെ 3500 ഓളം വിദ്യാർഥികൾ 141 ഇനങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കും. ആദ്യ രണ്ടു ദിനങ്ങളിൽ രചനാ മത്സരങ്ങളും മറ്റ് മൂന്ന് ദിവസങ്ങളിലായി കലാ മത്സരങ്ങളും നടക്കും.
വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പ്രത്യേക ഭക്ഷണശാല, സ്കൂളുകളിൽനിന്നുവരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. 18ന് രാവിലെ 8ന് ആലപ്പുഴ ലിയോതേർട്ടീന്ത് വിദ്യാർഥിയായ എവിൻ മാത്യു രചനാ മത്സരങ്ങൾ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ഫാ. ക്ലീറ്റസ് കാരക്കാട്ട് അനുഗ്രഹ പ്രഭാഷണം നൽകും. വിവിധ വേദികളിൽ മത്സരങ്ങൾ ആരംഭിക്കും. ഔപചാരികമായ ഉദ്ഘാടനം 23ന് 9ന് ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യും.
അലോഷ്യസ് കോൺഗ്രിഗേഷൻ, പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിന്തു എം. ആന്റണി സന്ദേശം നൽകും. സഹോദയ പ്രസിഡന്റ് ഡോ. നൗഷാദ് അധ്യക്ഷത വഹിക്കും. സമാപനം എച്ച്. സലാം എംഎൽ എ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ട്രോഫികളും എംഎൽഎ വിതരണം ചെയ്യും. സിനിമാതാരം സാജൻ പളളൂരുത്തി മുഖ്യാതിഥിയാകും.