ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1460686
Saturday, October 12, 2024 3:12 AM IST
ഹരിപ്പാട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുതന പഞ്ചായത്ത് ഏഴാം വാർഡ് കുറ്റിശേരിൽ സാജൻ ചാക്കോയുടെ മകൻ സുബിൻ സാജൻ (26) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ദേശീയപാതയിൽ കരീലക്കുളങ്ങര കളീക്കൽ ജംഗ്ഷനിലായിരുന്നു അപകടം. വവ്വാക്കാവിലുള്ള അമ്മയുടെ വീട്ടിൽനിന്ന് അമ്മയുമായി ബൈക്കിൽ ചെറുതനയിലേക്കു വരുമ്പോഴായിരുന്നു അപകടം.
എതിർദിശയിൽനിന്നുവന്ന ലോറി തട്ടി ബൈക്കിൽനിന്നു വീണ സുബിന്റെ ശരീരത്തിലൂടെ ട്രാവലർ വാൻ കയറി ഇറങ്ങുകയായിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി എട്ടോടെ മരിച്ചു.
തിരുവല്ലയിലെ വാഹന ഷോറൂമിലെ ജീവനക്കാരനായിരുന്നു. സഹോദരി: സുനി സാജൻ. സംസ്കാരം നാളെ വൈകിട്ട് കരുവാറ്റ മാർ യാക്കോബ് ബുർദാന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.