പ്രവാസിയുടെയും മകളുടെയും വേർപാട് കാഞ്ഞിപ്പുഴ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി
1454494
Thursday, September 19, 2024 11:31 PM IST
കായംകുളം: മദീനയിൽനിന്നുവന്ന പിതാവിനെ നെടുമ്പാശേരിയിൽനിന്നു വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നതിനിടയിൽ ഉണ്ടായ വാഹനാപകടത്തിൽ മകളും പിതാവും ഒന്നിച്ചു മരണപ്പെട്ടത് വള്ളികുന്നം കാഞ്ഞിപ്പുഴ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
അപകടത്തിൽ മരിച്ച മകൾ ആലിയയുടെ വിവാഹ ആവശ്യത്തിനായിട്ടാണ് സത്താർ ഇന്നലെ പുലർച്ചെ വിദേശത്തുനിന്ന് എത്തിയത്. വർഷങ്ങളായി സൗദിയിലായിരുന്ന സത്താർ നാട്ടിൽ തിരികെ എത്തി ഇടവേളയ്ക്കുശേഷം മൂന്നുവർഷം മുമ്പാണ് വീണ്ടും മദീനയിലേക്ക് ജോലിക്കായി പോയത്.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു സത്താറിനെ ഇന്നോവ കാറിൽ മകൾ ആലിയയും ബന്ധുക്കളും ചേർന്ന് വീട്ടിലേക്കു കൂട്ടികൊണ്ടു വരുന്നതിനിടയിൽ റോഡരികിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്കു പിന്നിൽ ഇടിച്ചായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ സത്താറിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ആലിയയെ ആലപ്പുഴ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മദീനയിൽ ഈന്തപ്പഴ വ്യാപാരമായിരുന്നു സത്താർ. പുഞ്ചിരിച്ച മുഖവുമായി മദീനയിൽ എത്തുന്ന മലയാളികൾക്ക് ഭക്ഷണം ഉൾപ്പടെയുള്ള സേവനങ്ങളുമായി മുൻനിരയിൽനിന്ന് പ്രവർത്തിച്ച സത്താറിന്റെ വേർപാട് പ്രവാസികൾക്കും നൊമ്പരമായി.
പിതാവിനെ ഒരുനോക്ക് കാണാനും വീട്ടിലേക്കു കൂട്ടികൊണ്ടുവരാനും പോയ മകളും പിതാവും ഒന്നിച്ചു യാത്രയായത് നാടിനെ ആകെ കണ്ണീരിലാഴ് ത്തി. ഇരുവരുടെയും ഭൗതിക ശരീരം ജനാസ നമസ്ക്കാര ശേഷം വൻ ജനാവലിയോടെ കാഞ്ഞിപ്പുഴ പള്ളിക്കുറ്റി ജമാഅത്തിൽ കബറടക്കി.