ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമവാര്‍ഷികാചരണം ഇന്നു തുടങ്ങും
1297279
Thursday, May 25, 2023 10:55 PM IST
ചങ്ങനാശേരി: ആരാധനാ സന്യാസിനീ സമൂഹ സ്ഥാപകനും ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 98-ാമത് ചരമവാര്‍ഷികാചരണം ഇന്നു മുതല്‍ ജൂണ്‍ രണ്ടുവരെ അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. മാര്‍ തോമസ് കുര്യാളശേരിയുടെ “റോമാ യാത്ര’’ എന്ന പുസ്തകത്തെക്കുറിച്ച് സിമ്പോസിയവും പുതുക്കിയ പതിപ്പിന്റെ പ്രകാശനവും ഇന്ന് രാവിലെ 9.30ന് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിര്‍വഹിക്കും. “റോമാ യാത്ര’’ എന്ന ഗ്രന്ഥം അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പ്രകാശനം ചെയ്യും. റവ.ഡോ. പയസ് മലേകണ്ടത്തില്‍, ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. സിസ്റ്റര്‍ തെരേസാ നടുപ്പടവില്‍ തുടങ്ങിയവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് മോഡറേറ്ററായിരിക്കും. ഡോ. സിസ്റ്റര്‍ മേഴ്സി നെടുംപുറം, സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, സിസ്റ്റര്‍ ലിസി ജോസ് വടക്കേചിറയത്ത്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമനിക് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പാറേല്‍ പള്ളിയില്‍നിന്നും കത്തീഡ്രല്‍ കബറിടപള്ളിയിലേക്ക് ആരാധനാ സന്യാസിനീ സമൂഹത്തിന്റെയും ചെറുപുഷ്പം മിഷന്‍ലീഗിന്റെയും നേതൃത്വത്തില്‍ തീര്‍ഥാടനം നടക്കും. പാറേല്‍പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് ഉദ്ഘാടനം നിര്‍വഹിക്കും. അതിരൂപതാ മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍ ഫ്ളാഗ്ഓഫ് ചെയ്യും. ചരമവാര്‍ഷികദിനമായ ജൂണ്‍ രണ്ടുവരെ വൈകുന്നേരം നാലിന് ആരാധന, വിശുദ്ധ കുര്‍ബാന, അനുസ്മരണ കര്‍മങ്ങള്‍ എന്നിവ നടക്കും.