വിനോദസഞ്ചാര വികസനത്തിനായി കാതോർത്ത് കായംകുളം കായൽ
1224951
Monday, September 26, 2022 10:45 PM IST
കായംകുളം: കായൽപ്പരപ്പിന്റെ സൗന്ദര്യവും പുഴയുടെ സമൃദ്ധിയും നിറഞ്ഞുനിൽക്കുന്ന ഓണാട്ടുകരയുടെ പ്രകൃതി സൗന്ദര്യം വിനോദസഞ്ചാരികളെ മാടിവിളിക്കുന്നു. കേരളത്തിലെ ദാൽ തടാകമെന്ന വിശേഷണമുള്ള കായംകുളം കായലും ഇതിനെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന നിത്യഹരിത വനങ്ങളായ കണ്ടൽ കാടുകളും കണ്ണിനു കുളിർമയേകുന്ന കാഴചകളാണ്. സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ ഇഷ്ടപ്രദേശങ്ങളായി മാറ്റാൻ കഴിയുന്ന സാധ്യതകളുള്ള പ്രദേശം. വിനോദ സഞ്ചാര വികസന സാധ്യതകളുയർത്തന്ന കായംകുളം കായലാണ് മുഖ്യആകർഷണീയം.
രാജഭരണകാലം മുതൽ ഓണാട്ടുകരയുടെ വികസന വഴിയിൽ കായലിന് നിർണായക സ്ഥാനമുണ്ട്. നഗരത്തിൽനിന്നും ദേവികുളങ്ങര പഞ്ചായത്തിലൂടെ കൊല്ലം ജില്ലയിലേക്ക് കടക്കുന്ന കായലിന്റെയും ഇടതോടുകളുടെയും കരകളോട് ചേർന്നുനിൽക്കുന്ന കണ്ടൽക്കാടുകളുടെ പച്ചപ്പ് മനോഹര കാഴ്ചകളാണ്. ആയിരംതെങ്ങിലെ കണ്ടല്‍ കാടുകൾക്കും ഏറെ പ്രത്യേകതകളുണ്ട്. വേമ്പനാട് കായലിന് തെക്കുവശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്നു.
കായൽ പാതയിലൂടെ സഞ്ചരിച്ചിരുന്ന കെട്ടുവള്ളങ്ങളും മറ്റും വിസ്മൃതിയിലായതോടെയാണ് കായൽ അവഗണിക്കപ്പെട്ടത്. ചരക്ക് ഗതാഗതത്തിന്റെ സുഗമമാർഗമായിരുന്ന ദേശീയ ജലപാതയുടെ ഭാഗം കൂടിയായിരുന്ന കായൽ ഇന്ന് വികസനത്തിനായി കാതോർക്കുകയാണ്.
വള്ളംകളിയിലൂടെ കായംകുളം കായലിന് പുതുജീവൻ ലഭിച്ചുവെങ്കിലും അതും നിലച്ചതോടെയാണ് വികസന പ്രതീക്ഷകൾ ഇല്ലാതായത്.. കായൽ കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച മെഗാടൂറിസം പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. കായലോരത്തേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിലയിൽ സജ്ജമാക്കിയ പാർക്കും അനുബന്ധ സൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ കഴിയാത്തതാണ് പ്രശ്നം.