വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന അക്രമങ്ങൾക്കുള്ള പ്രോത്സാഹനം: കെപിഎസ്ടിഎ
1591493
Sunday, September 14, 2025 3:52 AM IST
പത്തനംതിട്ട: അധ്യാപകന് അടി കിട്ടിയാലും വിദ്യാർഥികളെ ശാസിക്കാൻ പാടില്ലെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന വിദ്യാലയങ്ങളിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും ഭയം കൂടാതെ ജോലി ചെയ്യാനുള്ള അധ്യാപകരുടെ അവകാശ നിഷേധവുമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി.
ഇത്തരം പ്രസ്താവനകൾ സാക്ഷര കേരളത്തിന് അപമാനമാണെന്നും മന്ത്രി പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോടു ക്ഷമാപണം നടത്തണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിൽ നടമാടുന്ന അക്രമങ്ങൾക്കും മയക്കുമരുന്ന് മാഫിയ വിളയാട്ടത്തിനും മന്ത്രിയുടെ പ്രസ്താവന കൂടുതൽ ഊർജം പകരുമെന്നും കെപിഎസ്ടിഎ അഭിപ്രായപ്പെട്ടു. കലാലയങ്ങളിലെ കോപ്പിയടി പിടികൂടിയാൽ അധ്യാപകനെതിരേ സ്ത്രീപീഡന പരാതി എഴുതിക്കൊടുക്കുകയും അച്ചടക്കം പാലിക്കാൻ പറഞ്ഞാൽ ആക്രമണം നടത്തുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് ഒത്താശ ചെയ്യുന്ന, യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ അധ്യാപകർക്കെതിരേ സസ്പെൻഷനും പ്രതികാര നടപടികളും സ്വീകരിക്കുന്ന ഭരണകൂടം കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും കെപിഎസ്ടിഎ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യഷത വഹിച്ചു. സെക്രട്ടറി വി.ജി. കിഷോർ, ട്രഷറർ പി. അജിത്ത് ഏബ്രഹാം, സംസ്ഥാന സമിതി അംഗങ്ങളായ എസ്. പ്രേം, വർഗീസ് ജോസഫ്, സി.കെ. ചന്ദ്രൻ, ബിറ്റി അന്നമ്മ തോമസ്, എസ്. ദിലീപ് കുമാർ, വി. ലിബികുമാർ എന്നിവർ പ്രസംഗിച്ചു.