കോന്നി മെഡിക്കൽ കോളജിലെ ഓണാഘോഷം പരിധിക്കു പുറത്ത് പ്രതിഷേധിച്ച് രോഗികളും കൂട്ടിരിപ്പുകാരും
1591491
Sunday, September 14, 2025 3:52 AM IST
പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ ഓണാഘോഷം അത്യാഹിത വിഭാഗത്തിനു സമീപം വരെ എത്തിയപ്പോൾ പ്രതിഷേധവുമായി രോഗികളും കൂട്ടിരിപ്പുകാരും.
എംബിബിഎസ് വിദ്യാർഥികളാണ് ചെണ്ടമേളം അടക്കം ഉൾപ്പെടുത്തി ഓണാഘോഷം സംഘടിപ്പിച്ചത്. വലിയ ആഘോഷമാണ് നടത്തിയതെന്നും ഇതു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമാണ് ആരോപണം.
വലിയ ശബ്ദത്തോടെയുള്ള ആഘോഷത്തിൽ ബുദ്ധിമുട്ട് നേരിട്ടെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. ആശുപത്രിക്കു മുന്നിൽ ഓണാഘോഷം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേരത്തേ, വയനാട്ടിൽ ആരോഗ്യമന്ത്രിയുൾപ്പെടെ പങ്കെടുത്ത പരിപാടിയിലെ ആഘോഷം വിവാദമായിരുന്നു. ഇതിനുശേഷം ആശുപത്രികളിൽ ഇത്തരത്തിലുള്ള ആഘോഷങ്ങൾ നടത്തരുതെന്ന മുന്നറിയിപ്പ് നിലനിൽക്കുകയാണ്.
ആശുപത്രിയിൽ തിരക്ക് കുറവായിരുന്നതിനാൽ ആഘോഷം കാന്പസിനുള്ളിൽനിന്ന് അത്യാഹിത വിഭാഗത്തിലേക്കും ഒപിയിലേക്കും നീളുകയായിരുന്നു. ഇന്നലെ രാവിലെ പത്തുമുതലാണ് ആഘോഷം നടന്നത്.
അത്യാഹിത വിഭാഗത്തിന്റെ മുന്നിൽനിന്ന് ചെണ്ടമേളത്തോടുകൂടി തുറന്ന ജീപ്പിൽ മാവേലിയുമുൾപ്പെടെ ആയിരുന്നു ഘോഷയാത്ര. അത്യാഹിത വിഭാഗത്തിനു മുന്നിൽ ആഘോഷം ഏറെനേരം നീണ്ടതോടെയാണ് പ്രതിഷേധം ഉയർന്നത്. പിന്നീട് കാന്പസിലേക്കു പോകുകയും ചെയ്തു. ഓണാഘോഷം പരിധി വിടരുതെന്ന സെക്യൂരിറ്റി ജീവനക്കാരുടെ മുന്നറിയിപ്പ് വിദ്യാർഥികൾ അവഗണിച്ചതായും പറയുന്നു.
എന്നാൽ, കോളജ് യൂണിയനും വിദ്യാർഥികളും ഇതംഗീകരിച്ചിട്ടില്ല. ആർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നും അത്യാഹിത വിഭാഗത്തിനു സമീപത്തുനിന്ന് ഘോഷയാത്ര ആരംഭിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും യൂണിയൻ ഭാരവാഹികൾ പറയുന്നു.